Sorry, you need to enable JavaScript to visit this website.

മനം കവര്‍ന്ന് 'റഹേല്‍ മകന്‍ കോര'യിലെ 'മിണ്ടാതെ തമ്മില്‍ തമ്മിലൊന്നും മിണ്ടിടാതെ...' ഗാനം

കൊച്ചി- പ്രണയവും കുടുംബ ബന്ധവും തമാശകളും പ്രമേയമാക്കി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന 'റാഹേല്‍ മകന്‍ കോര'യിലെ മനം കവരുന്ന പ്രണയഗാനം പുറത്തിറങ്ങി. വാക്കുകള്‍ക്കപ്പുറം കണ്‍പീലി തുമ്പാല്‍ പോലും കൈമാറുന്ന പ്രണയ ഭാവങ്ങളുടെ നേര്‍കാഴ്ചയായാണ് 'മിണ്ടാതെ തമ്മില്‍ തമ്മിലൊന്നും മിണ്ടിടാതെ...' എന്ന ഗാനം എത്തിയിരിക്കുന്നത്. 

പ്രണയം ചാലിച്ച വരികളില്‍ ബി. കെ ഹരിനാരായണന്‍ എഴുതിയിരിക്കുന്ന ഗാനത്തിന് ഹൃദ്യമായ ഈണം നല്‍കിയിരിക്കുന്നത് കൈലാസ് മേനോനാണ്. മൃദുല വാര്യരും അരവിന്ദ് നായരും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. 

സിംഗിള്‍ പാരന്റിംഗ് വിഷയമാക്കി എത്തുന്ന ചിത്രമൊരുക്കുന്നത് 2010 മുതല്‍ മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഉബൈനിയാണ്. സംവിധായകന്‍ ലിയോ തദേവൂസിനോടൊപ്പം അസിസ്റ്റന്റായി തുടങ്ങിയ അദ്ദേഹം 'മെക്‌സിക്കന്‍ അപാരത' മുതല്‍ 'പത്തൊമ്പതാം നൂറ്റാണ്ട്' വരെയുള്ള സിനിമകളില്‍ ചീഫ് അസോസിയേറ്റായിരുന്നു. ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'റാഹേല്‍ മകന്‍ കോര'.

'സൂ സൂ സുധി വാത്മീകം', 'ഊഴം', 'സോളോ', 'ആട് 2', 'അബ്രഹാമിന്റെ സന്തതികള്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആന്‍സന്‍ പോളാണ് സിനിമയില്‍ നായകവേഷത്തിലെത്തുന്നത്. 'അബ്രഹാമിന്റെ സന്തതികളി'ല്‍ മമ്മൂട്ടിയുടെ സഹോദരനായ ഫിലിപ്പ് എബ്രഹാം എന്ന കഥാപാത്രമാണ് ആന്‍സണ്‍ പോളിനെ ശ്രദ്ധേയനാക്കിയത്. 

ഒട്ടേറെ സിനിമകളില്‍ ചേച്ചി, അമ്മ വേഷങ്ങളിലെത്തി മലയാളികളുടെ ഇഷ്ട അഭിനേത്രിയായ സ്മിനു സിജോയാണ് അമ്മ വേഷത്തില്‍ എത്തുന്നത്. 'പൂമരം', 'ഹാപ്പി സര്‍ദാര്‍' സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മെറിന്‍ ഫിലിപ്പാണ് ചിത്രത്തിലെ നായിക. 

'പ്രേമം' മുതല്‍ 'മധുര മനോഹര മോഹം' വരെ എത്തി നില്‍ക്കുന്ന നടനും സംവിധായകനുമായ അല്‍ത്താഫ് സലിം 'റാഹേല്‍ മകന്‍ കോര'യില്‍ ഒരു മുഴുനീള കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. മനു പിള്ള, വിജയകുമാര്‍, രശ്മി അനില്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. 

അച്ഛനില്ലാതെ വളരുന്നൊരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടേയും ആറ്റിറ്റിയൂഡ് രണ്ട് രീതിയിലായിരിക്കുമെന്നൊരു കാര്യം രസകരമായി അവതരിപ്പിക്കുന്ന സിനിമയില്‍ ഇത്തരത്തിലുള്ള നായികയും നായകനുമായുള്ള ഈഗോ ക്ലാഷും മറ്റുമൊക്കെയാണ് പ്രധാന പ്രമേയം. നായകന്റെ അമ്മയാകട്ടെ ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജോലി ചെയ്ത് മകനെ വളര്‍ത്തി വലുതാക്കിയ വ്യക്തിയാണ്. സിംഗിള്‍ പാരന്റിംഗിന്റെ പല തലങ്ങള്‍ കൂടി സിനിമ മുന്നോട്ടുവയ്ക്കുന്നുമുണ്ട്. ബേബി എടത്വയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. വിദേശ മലയാളി ഷാജി കെ. ജോര്‍ജ്ജാണ് സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം. 

എസ്. കെ. ജി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ഷിജി ജയദേവന്‍, എഡിറ്റര്‍ അബൂ താഹിര്‍, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരി നാരായണന്‍, മനു മഞ്ജിത്ത്, പി. ആര്‍. ഒ പി. ശിവപ്രസാദ് തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

Latest News