ന്യൂദല്‍ഹി- വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനായി മനുഷ്യക്കടത്തു സംഘം നേപ്പാളില്‍ നിന്നും എത്തിച്ച 39 യുവതികളെ ദല്‍ഹി പഹാഡ്ഗഞ്ചിലെ ഹോട്ടലില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തി. ഈ ഹോട്ടലിലെ എല്ലാ മുറികളിലും ഇവര്‍ മാത്രമാണുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ചതായിരുന്നു ഇവരെ. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ റെയ്ഡ് ബുധനാഴ്ച രാവിലെ ആറു മണി വരെ നീണ്ടു. ദല്‍ഹി വനിതാ കമ്മീഷനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. തുടര്‍ന്ന് കമ്മീഷന്‍ ദല്‍ഹി പോലീസിന്റെ സഹായം തേടുകയായിരുന്നു. വന്‍ മനുഷ്യക്കടത്തു സംഘമാണ് നേപ്പാളി യുവതികളെ ഇവിടെ എത്തിച്ചതെന്ന് കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത് റെയ്ഡാണിത്. രണ്ടു ദിവസം മുമ്പ് ദല്‍ഹി പോലീസും വാരണസി പോലീസും ചേര്‍ന്ന് വസന്ത് വിഹാറില്‍ നിന്ന് 18 യുവതികളെ രാജ്യാന്തര പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷിച്ചിരുന്നു. ഇവരില്‍ 16 യുവതികള്‍ നേപ്പാളികളായിരുന്നു. 68 ഇന്ത്യന്‍, നേപ്പാളി പാസ്‌പോര്‍ട്ടുകളും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ജൂലൈ 25-ന് ഗള്‍ഫിലേക്ക് കടത്താനിരുന്ന 16 നേപ്പാളി യുവതികളെ കമ്മീഷനും പോലീസും ഇടപെട്ട് ദല്‍ഹി മുനിര്‍ക്കയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.