പലപ്പോഴും പല വിനോദങ്ങളിലേക്കും നാം ആകൃഷ്ടരാവുന്നത് ചില ജിജ്ഞാസ നമ്മിൽ ഉണ്ടാവുമ്പോഴാണ്. നമ്മുടെ വീട്ടുമുറ്റത്ത് നാം മുമ്പ് ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു മനോഹരമായ പക്ഷിയെ കാണുമ്പോൾ, ആ പക്ഷിയെ കുറിച്ച് കൂടുതലറിയാനും പഠിക്കാനും നാം ഒരുമ്പെടുന്നു. അതുമായി ബന്ധപ്പെട്ട വായനയും അന്വേഷണവും നാം ത്വരിതപ്പെടുത്തുന്നു. ക്രമേണ പക്ഷി നിരീക്ഷണം രസകരമായ ഒരു വിനോദോപാധിയായി നാം തിരിച്ചറിയുന്നു.
അതുപോലെ, നാമെല്ലാവരും രാത്രിയിൽ ആകാശത്തിലെ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണാറുണ്ട്. ഒരുപക്ഷേ ഏറെ കൗതുകത്തോടെ ചില നേരങ്ങളിൽ നമ്മിൽ പലരും രാത്രിയിലെ ആകാശക്കാഴ്ചകൾ നോക്കിയിരിക്കാറുണ്ട്.
മിന്നിത്തിളങ്ങുന്ന നിരവധി നക്ഷത്രങ്ങൾ ചേർന്ന് ഒരു പൂക്കളം തീർക്കുന്ന പോലെ തോന്നും ചിലപ്പോൾ. ആകാശം പ്രചോദിപ്പിക്കാത്ത ഭാവനാശാലികൾ ഉണ്ടാവാനിടയില്ല. താര മനോഹരലിപിയിൽ വാനം പ്രേമ കവിതയാണെഴുതുന്നതെന്ന് യൂസഫലി കേച്ചേരി എഴുതിയ വരികൾ തലത്ത് മെഹ്മൂദ് പാടിയത് ആസ്വദിക്കാത്ത മലയാളികൾ കുറവായിരിക്കും.
സമൃദ്ധമായ വെളിച്ചമുള്ള നഗരങ്ങളിൽ വസിക്കുന്നവർക്ക് രാത്രി ആകാശത്തിന്റെ സൗന്ദര്യം വേണ്ടത്ര ആസ്വദിക്കാൻ കഴിയണമെന്നില്ല. വാരാന്ത്യത്തിൽ നഗരത്തിന് പുറത്ത്, ഏതെങ്കിലും നാട്ടിൻപുറത്തേക്കോ അല്ലെങ്കിൽ പാടത്തേക്കോ മരുഭൂ വിജനതയിലേക്കോ യാത്ര ചെയ്ത് ആകാശം കാണുന്നത് മനസ്സിനും ചിന്തകൾക്കും പുത്തനുണർവേകും. മിന്നുന്ന വൈദ്യുത വിളക്കുകളിൽ നിന്ന് അകലെ, രാത്രി ആകാശം നക്ഷത്രനിബിഡമായ ഒരു തകർപ്പൻ ഷോ നടത്തുന്നത് ഇടയ്‌ക്കെങ്കിലും കാണാതെ പോകരുത്.
ആകാശക്കാഴ്ചകൾ ഏകുന്ന കൗതുകം ചിലരിൽ അതീവ ശാസ്ത്ര ബോധം വർദ്ധിപ്പിക്കും. ചിലരിൽ വിനയവും പ്രപഞ്ച സ്രഷ്ടാവിലുള്ള അഗാധമായ വിശ്വാസവും വർദ്ധിതമാക്കും. ഒരു ഗൈഡും മൊബൈൽ ഫോണിൽ നൈറ്റ് സ്‌കൈ പോലുളള ആപ്ലിക്കേഷനും ഉണ്ടെങ്കിൽ, നക്ഷത്രനിരീക്ഷണം ഒരു ഇഷ്ട വിനോദമായി പതിയെ മാറും. പല നക്ഷത്രങ്ങളെയും കണ്ടെത്താൻ നഗ്‌നനേത്രങ്ങൾ മതിയാകും.
ശക്തമായ ഫ്‌ളാഷ്ലൈറ്റ് നക്ഷത്ര നിരീക്ഷണത്തിനു ഏറെ സഹായകമായിരിക്കും. നക്ഷത്രങ്ങൾക്കിടയിലെ ഒരു പാറ്റേൺ വിവരിക്കാൻ ടോർച്ച് ലൈറ്റ് ഫ്‌ളാഷ് ചെയ്യേണ്ടി വന്നേക്കാം. പ്രത്യേകിച്ചും നിങ്ങൾ മറ്റൊരാളുമായി ചേർന്നാണു നക്ഷത്ര നിരീക്ഷണം നടത്തുന്നതെങ്കിൽ ഇത് നന്നായി ഉപകരിക്കും. നക്ഷത്രസമൂഹങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന മാർക്കറ്റിൽ ലഭ്യമായ ഗൈഡ് പുസ്തകമോ നക്ഷത്ര ചാർട്ടുകളോ കൈയ്യിൽ കരുതുന്നത് നന്നായിരിക്കും.
പക്ഷിനിരീക്ഷണത്തിൽ താൽപര്യമുള്ള ആളാണെങ്കിൽ നല്ല ഒരു ബൈനോക്കുലർ വാങ്ങിയിട്ടുണ്ടാവണമല്ലോ. അത് നക്ഷത്രനിരീക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. തുടക്കക്കാർക്ക് ഏറ്റവും തിളക്കമുള്ളതും വലുതുമായ നക്ഷത്രങ്ങൾക്കായി ചാർട്ടിന്റെ സഹായത്തോടെ തിരഞ്ഞ് തുടങ്ങാവുന്നതാണ്. തുടർന്ന് അവ ഏത് രാശിയിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞാൽ, വൈകാതെ രാത്രി ആകാശത്ത് ഉയർന്നുവരുന്ന പാറ്റേണുകൾ കണ്ടെത്താൻ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
പക്ഷിനിരീക്ഷണത്തിൽ നാം പക്ഷികളുടെ സ്വഭാവസവിശേഷതകൾ തിരയുകയും ഒരു ഗൈഡിന്റെ സഹായത്തോടെ അവയെ തിരിച്ചറിയാനും ശ്രമിക്കുക. താമസിയാതെ, ഒരു നിശ്ചിത കാലയളവിൽ, നമുക്ക് അവരുടെ കൂടുണ്ടാക്കുന്ന രീതിയെക്കുറിച്ചും ആവാസ വ്യവസ്ഥകളെക്കുറിച്ചും ഒത്തിരി അറിവ് നേടാൻ അത് സഹായിക്കും. അതുപോലെ തന്നെ നക്ഷത്രനിരീക്ഷണത്തിൽ, തുടക്കത്തിൽ നാം നക്ഷത്രരാശികളെയും ഗ്രഹങ്ങളെയും തിരിച്ചറിയാൻ പഠിക്കണം. കൂടാതെ ഒരു നിശ്ചിത കാലയളവിൽ, നക്ഷത്രങ്ങൾ സീസണുകൾക്കനുസരിച്ച് അവയുടെ സ്ഥാനങ്ങൾ എങ്ങനെ മാറ്റുന്നുവെന്നും നമുക്കു കണ്ടെത്താൻ കഴിയും.
താമസിയാതെ, ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രസമൂഹങ്ങൾ നമ്മുടെ സുഹൃത്തുക്കളെപ്പോലെയായിത്തീരും.
ഈ വർഷത്തെ നാലാമത്തെയും അവസാനത്തെയും സൂപ്പർമൂൺ ആയിരിക്കും സെപ്റ്റംബർ 29-ന് എന്ന് എത്ര പേർക്കറിയാം ? ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവിലായിരിക്കുമ്പോൾ സംഭവിക്കുന്ന പൂർണ്ണ ചന്ദ്രനാണ് സൂപ്പർമൂൺ എന്നറിയപ്പെടുന്നത്.
ഈ മാസത്തെ പൂർണചന്ദ്രനെ ഹാർവെസ്റ്റ് മൂൺ എന്നും വിളിക്കുന്നു, സെപ്റ്റംബർ മാസം വടക്കൻ അർധഗോളത്തിൽ ധാരാളം വിളകൾ അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന സമയമാണിത്. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ഈ കാലയളവിൽ ശോഭയുള്ള ചന്ദ്രപ്രകാശം ലഭിക്കുന്നു. ഇത് പരമ്പരാഗത കർഷകർക്ക് ആദ്യത്തെ തണുപ്പിന് മുമ്പായി വിളകൾ കൊണ്ടുവരാൻ കുറച്ചുകൂടി സമയം നൽകുന്നുവെന്നതിനാലാണ് ഇത് ഹാർവെസ്റ്റ് മൂൺ എന്നറിയപ്പെടുന്നത്. ഏതായാലും ഈ വർഷത്തെ ഒടുവിലത്തെ സൂപ്പർ മൂണെങ്കിലും കണ്ടാസ്വദിക്കാൻ നേരം കണ്ടെത്തി നോക്കൂ.