ആലുവ - അസഹ്യമായ കണ്ണ് വേദനയും തടിപ്പും ചുവപ്പുമായി ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണിൽനിന്ന് 15 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു. വരാപ്പുഴ സ്വദേശിനിയായ 39-കാരിയുടെ കണ്ണിൽനിന്നാണ് ജീവനുള്ള വിരയെ പുറത്തെടുത്തത്.
ആലുവയിലെ ഫാത്തിമ ഐ കെയർ ആശുപത്രിയിലെ നേത്ര രോഗ വിദഗ്ധൻ ഡോ. ഫിലിപ്പ് കെ ജോർജാണ് യുവതിയുടെ കണ്ണിൽനിന്ന് വിരയെ പുറത്തെടുത്തത്. കണ്ണുവേദനയും മറ്റ് ബുദ്ധിമുട്ടുകളും അസഹ്യമായതോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയ്ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ പറഞ്ഞു.
വെള്ളത്തിലൂടെയാവും വിര കണ്ണിലെത്തിയതെന്നാണ് കരുതുന്നത്. ഏതെങ്കിലും തരത്തിലുള്ള മലിനജലം മുഖം കഴുകാനോ കുളിക്കാനോ ഉപയോഗിച്ചതു വഴി ഇത്തരം സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് പറയുന്നത്. കണ്ണിലെ വേദനയും തടിപ്പും അവഗണിക്കുകയോ ചികിത്സ തേടാതിരിക്കുകയോ ചെയ്താൽ കാലക്രമേണ കാഴ്ചയെയും പിന്നീട് തലച്ചോറിലേക്കു വരെ അണുബാധയ്ക്കും വിര കാരണമായേക്കുമെന്ന് നേത്രരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടി.