ഹൈദരാബാദ്- ലോകോത്തര റീട്ടെയ്ൽ ഷോപ്പിംഗിന്റെ വാതിൽ തുറന്ന് തെലങ്കാനയിലെ ആദ്യ ലുലു മാൾ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറന്നു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു യു.എ.ഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
അഞ്ച് ലക്ഷം സ്‌ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിംഗിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്‌ക്വയർ ഫീറ്റിലാണ് ലുലു ഹൈപർമാർക്കറ്റ്.
സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ നിശ്ചയിച്ച നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ മാൾ. ധാരണാപത്രത്തിൽ ഒപ്പുവെച്ച് മാസങ്ങൾക്കകം പദ്ധതി യാഥാർത്ഥ്യമായി. ഹൈദരാബാദിലെ ആദ്യ മാൾ പൂർത്തീകരിക്കാൻ മികച്ച പിന്തുണയാണ് തെലങ്കാന സർക്കാർ നൽകിയതെന്നും കെ.ടി. രാമറാവുവിന്റെ നിശ്ചദാർഢ്യവും വ്യവസായ കാഴ്ചപ്പാടും അഭിനന്ദനം അർഹിക്കുന്നതാണെന്നും എം.എ. യൂസഫലി ചൂണ്ടിക്കാട്ടി.
ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ സലിം. എം.എ, മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ആന്റ് ഒമാൻ ഡയറക്ടർ ആനന്ദ്. എ.വി, ലുലു ഇന്ത്യ ഡയറക്ടർ ആന്റ് സി.ഇ.ഒ നിഷാദ്. എം.എ, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ ഷോപ്പിംഗ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്‌സ്, ലുലു തെലങ്കാന ഡയറക്ടർ അബ്ദുൽ സലീം, ലുലു തെലങ്കാന റീജിയണൽ മാനേജർ അബ്ദുൽ ഖദീർ ഷെയ്ഖ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.