Sorry, you need to enable JavaScript to visit this website.

യുവതിയെ മര്‍ദിക്കുന്ന വീഡിയോ വൈറലായി, സ്പാ ബിസിനസ് പങ്കാളി ഒളിവില്‍

അഹമ്മദാബാദ്- ബിസിനസ് പങ്കാളിയായ യുവതിയെ യുവാവ് മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അഹമ്മദാബാദില്‍ സ്പാ പരിസരത്തെ ബാല്‍ക്കണിയി
ല്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ ആണ്  വൈറലായത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഗാലക്‌സി സ്പാ ഉടമ മുഹ്‌സിന്റെ ബിസിനസ് പങ്കാളിയെന്ന് പറയപ്പെടുന്ന 24 കാരിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ആക്രമണം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
വടക്കുകിഴക്കന്‍ സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഹ്‌സിനിതെര അഹമ്മദാബാദ് പോലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. താനും  മുഹ്‌സിനും ബിസിനസ്സ് പങ്കാളികളാണെന്നും അഹമ്മദാബാദിലെ ആഡംബര സിന്ധുഭവന്‍ പ്രദേശത്ത് സ്ത്രീകള്‍ക്കായി സലൂണ്‍ നടത്തിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു. വൈറലായ ക്ലിപ്പില്‍ മുഹ്‌സിന്‍ വരുന്നതും യുവതിയുടെ മുഖത്ത് അടിക്കുന്നതും കാണാം. യുവാവിനെ തള്ളിയിടാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും അടിക്കുന്നു.
മറ്റൊരാള്‍ ഇടപെട്ട് മുഹ്‌സിനെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയെ കൈപിടിച്ച് മുഹ്‌സിനില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ നിര്‍ത്തുന്നില്ല. മുഹ്‌സിന്‍ സ്ത്രീയുടെ മുടിയില്‍ പിടിച്ച്  മുഖത്ത് ആവര്‍ത്തിച്ച് അടിക്കുന്നു.
പോലീസ് യുവതിയെ ബന്ധപ്പെട്ടപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചു. ഏകദേശം 4,000 മുതല്‍ 5,000 രൂപ വരെ നഷ്ടമുണ്ടാക്കിയതിന് ഒരു വനിതാ ജീവനക്കാരിയെ താന്‍ ശകാരിച്ചുവെന്നും  ഇതാണ് മുഹ്‌സിനെ ദേഷ്യം പിടിപ്പിച്ചതെന്നും യുവതി പറഞ്ഞു. ഞാന്‍ 100 ഹെല്‍പ്പ് ലൈനില്‍ പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ യുവാവ് തട്ടിയെടുത്തു. ചാര്‍ജ് കുറവായിരുന്ന ഫോണ്‍ ഒടുവില്‍ അത് സ്വിച്ച് ഓഫ് ആയി. പിന്നെ ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
മര്‍ദനമേറ്റ യുവതി മുഹ്‌സിനെതിരെ പരാതി നല്‍കാന്‍ രണ്ടു ദിവസമായിട്ടും തയാറായിരുന്നില്ല. ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെ ബോഡക്‌ദേവ് പോലീസ് യുവതിയെ സമീപിച്ച് കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് പരാതിപ്പെടാന്‍ തീരുമാനിച്ചത്.  മുഹ്‌സിന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
വടക്കുകിഴക്കന്‍ സ്വദേശിയാണെന്നും പോലീസും മാധ്യമങ്ങളും തനിക്കൊപ്പം നിന്നതില്‍ സന്തോഷമുണ്ടെന്നും യുവതി പറഞ്ഞു.

 

Latest News