ഉയിരിന്റെയും ഉലകിന്റെയും മുഖം വെളിപ്പെടുത്തി  നയന്‍താരയും വിഘ്‌നേഷ് ശിവനും

 ചെന്നൈ-കണ്‍മണികളുടെ മുഖം ആരാധകര്‍ക്ക് മുന്‍പില്‍ ആദ്യമായി വെളിപ്പെടുത്തി താരദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും. മക്കളായ ഉയിരിന്റെയും ഉലകിന്റെയും ഒന്നാം പിറന്നാള്‍ ദിനത്തിനാണ് താരങ്ങള്‍ മക്കളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍, എന്‍ ഗുണം കൊണ്ട എന്‍ ഉലക് എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു... ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദിയെന്നും ഈ ലോകത്ത് മറ്റെന്തിനേക്കാളും നിങ്ങളെ സ്‌നേഹിക്കുന്നു എന്നും വിഘ്‌നേഷ് ശിവന്‍ ചിത്രത്തോടൊപ്പം കുറിച്ചു. മലേഷ്യയിലായിരുന്നു ഉയിരിന്റെയും ഉലകിന്റെയും ജന്മദിനാഘോഷം. 2022 സെപ്തംബര്‍ 26 നാണ് നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ട ആണ്‍കുട്ടികളുണ്ടായത്. കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ മുഖം വ്യക്തമായിരുന്നില്ല. ഉയിര്‍ രുദ്രോനീല്‍ എന്‍. ശിവന്‍, ഉലക് ദൈവിക് എന്‍ ശിവന്‍ എന്നാണ് കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥ പേര്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് 2022 ജൂണ്‍ 9 ന് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

Latest News