ഫിലാഡൽഫിയ - മുഖംമൂടി ധാരികളായ നൂറോളം കൗമാരക്കാർ ഇരച്ചുകയറി ആപ്പിൾ സ്റ്റോർ അടക്കമുള്ള കടകൾ കൊള്ളയടിച്ചു. യു.എസിലെ ഫിലാഡൽഫിയയിലാണ് സംഭവം. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് രണ്ട് തോക്ക് കണ്ടെടുത്തു.
ആപ്പിൾ സ്റ്റോറിനു പുറമെ ഫുട്‌ലോക്കർ, ലുലുലെമൻ തുടങ്ങിയ സ്റ്റോറുകളും കൊള്ളയടിക്കപ്പെട്ടു. ആൾക്കൂട്ടം കടകൾ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെക്യൂരിറ്റി ഫീച്ചറുകൾ കാരണം മോഷ്ടിക്കപ്പെട്ട പല ആപ്പിൾ ഉൽപ്പന്നങ്ങളും പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫുട് ലോക്കർ സ്റ്റോറിന് മുമ്പിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ടു.
കഴിഞ്ഞ മാസം ഫിലാഡൽഫിയ പോലീസ് ഓഫീസറുടെ വെടിയേറ്റ് മരിച്ച എഡ്ഡി ഇറിസാരിക്ക് നീതി ലഭ്യമാക്കണമെന്നവശ്യപ്പെട്ട് പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. സിറ്റി ഹാളിൽ സമാധാനപരമായി ഈ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെയാണ് കടകൾ കൊള്ളയടിക്കപ്പെട്ടതെന്നാണ് റിപോർട്ട്. എന്നാൽ കവർച്ചയ്ക്കു പിന്നിൽ ഈ പ്രതിഷേധക്കാരല്ലെന്ന് ഫിലാഡൽഫിയ പോലീസ് ഓഫീസർ ജോൺ സ്റ്റാൻഫോർഡ് പ്രതികരിച്ചു.