ഇസ്ലാമാബാദ്- പാകിസ്താനില്‍ അനധികൃതമായി താമസിക്കുന്ന 11 ലക്ഷത്തിലധികം അഫ്ഗാന് പൗരന്മാരെ തിരിച്ചയക്കാന്‍ പദ്ധതി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ പലയിടങ്ങളിലും മറ്റു രേഖകളൊന്നുമില്ലാതെ ഇരുവശങ്ങള്‍ക്കുമിടയില്‍ ആളുകളുടെ സഞ്ചാരത്തിന് തടസ്സങ്ങളുണ്ടാകാറില്ല.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിന് ശേഷം ഏകദേശം ആറുലക്ഷം അഫ്ഗാനികള്‍ പാകിസ്ഥാനിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് താത്ക്കാലിക മന്ത്രിസഭ അഫ്ഗാനികളെ തിരിച്ചയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കന്‍ പിന്മാറ്റത്തിന് ശേഷം നാലു ലക്ഷം പേരെങ്കിലും അനധികൃതമായാണ് പാകിസ്താനില്‍ താമസിക്കുന്നത്.
പാക്കിസ്ഥാനില്‍ ഇതിനകം താമസിക്കുന്ന ഏഴു ലക്ഷം അഫ്ഗാനികളെങ്കിലും താമസരേഖ പുതുക്കിയിട്ടില്ലെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക്കിസ്ഥാനില്‍ അനധികൃതമായി താമസിക്കുന്ന അഫ്ഗാനികള്‍ മുമ്പ് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കറന്‍സി കള്ളക്കടത്ത്, അനധികൃത ചരക്ക് വ്യാപാരം തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഉണ്ട്. അഫ്ഗാനികള്‍ തീവ്രവാദ സംഘടനകളോട് അനുഭാവം പുലര്‍ത്തുന്നതായും അവര്‍ക്ക് ധനസഹായവും പിന്തുണയും നല്‍കുന്നതായും ആരോപിക്കപ്പെടുന്നു.
മൂന്ന് ഘട്ടങ്ങളിലായാണ് പാകിസ്ഥാനില്‍ അനധികൃതമായി തങ്ങുന്ന അഫ്ഗാനികളെ തിരിച്ചയക്കുന്നത്. ആദ്യഘട്ടത്തില്‍ മതിയായ രേഖകളില്ലാതെ പാക്കിസ്ഥാനില്‍ കഴിയുന്ന അഫ്ഗാനികളെയും രേഖകളും വിസയും പുതുക്കാത്തവരെയും നാടുകടത്തും. രണ്ടാം ഘട്ടത്തില്‍ അഫ്ഗാന് പൗരന്മാരുടെ അവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മൂന്നാം ഘട്ടത്തില്‍ റസിഡന്‍സ് കാര്‍ഡ് ഉടമകളുടെ തെളിവുകള്‍ കേന്ദ്രീകരിക്കും.