Sorry, you need to enable JavaScript to visit this website.

വിദ്യാലയങ്ങളിലെ നിഖാബ് നിരോധം ഈജിപ്തിൽ വിവാദമായി

കയ്റോ- ഈജിപ്തിൽ സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾ നിഖാബ് ധരിക്കുന്നതും മുഖം മറയ്ക്കുന്നതും വിലക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം ഈജിപ്ഷ്യൻ സമൂഹത്തിൽ സമ്മിശ്ര പ്രതികരണത്തിന് കാരണമായി. വിദ്യാർത്ഥികൾക്ക് സ്കൂളിൽ മുടി മറയ്ക്കാമെന്നും എന്നാൽ മുഖം കൂടി മറയ്ക്കുന്ന മൂടുപടം പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസി ഈ മാസം ആദ്യമാണ് നിർദേശം നൽകിയത്.

മുഖം കാണാത്ത നിലയിൽ  മുടി മൂടുന്നത് സ്വീകാര്യമല്ലെന്നും മന്ത്രാലയവും പ്രാദേശിക വിദ്യാഭ്യാസ ഡയറക്ടറേറ്റും നിർദേശിച്ച നിറത്തിലും രീതിയിലുായിരിക്കണം മുടി മറയ്ക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. പുതിയ ഡ്രസ് കോഡ് സെപ്തംബർ 30-ന് പുതിയ അധ്യയന വർഷത്തിന്റെ ആരംഭം മുതൽ നടപ്പിലാക്കാനാണ് തീരുമാനം. പൊതു, സ്വകാര്യ സ്‌കൂളുകൾക്ക്  ബാധകമായ ഡ്രസ് കോഡ് 2024 ജൂൺ വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

ഹെഗാസിയുടെ പ്രഖ്യാപനം ഈജിപ്തുകാരിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ഏതു വസ്ത്രം ധരിക്കണമെന്ന് നിർദേശിക്കുന്നത് അടിച്ചമർത്തലും പൗരാവകാശ ലംഘനവുമാണെന്നാണ് നിഖാബ് നിരോധത്തെ എതിർത്ത് രംഗത്തുവന്നവർ വാദിക്കുന്നത്. അതേസമയം, നിരോധനത്തെ പിന്തുണച്ച് സംസാരിച്ച ഈജിപ്തിലെ നാഷണൽ കൗൺസിൽ ഫോർ ഹ്യൂമൻ റൈറ്റ്‌സ്  വക്താവ് ഇസാത്ത് ഇബ്രാഹിം നിഖാബ് അടിച്ചമർത്തൽ സംസ്കാരത്തിന്റെ ഭാഗമാണെന്ന് വാദിച്ചു.

തീവ്രവാദികളാണ് നിഖാബ് നിരോധനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്ന് വനിതാ അവകാശ സംഘടനകളും പ്രവർത്തകരും പ്രതികരിച്ചു.

 

Latest News