Sorry, you need to enable JavaScript to visit this website.

അസം: ചോരപ്പുഴയൊഴുകുമെന്ന് മമത

ന്യൂദൽഹി- അസം പൗരത്വ രജിസ്‌ട്രേഷൻ ലിസ്റ്റിൽ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നാൽപതു ലക്ഷത്തോളം ആളുകളെ പൗരൻമാരുടെ പട്ടികയിൽനിന്നു പുറത്തുനിർത്തുന്നത് രക്തച്ചൊരിച്ചിലിനും ആഭ്യന്തര യുദ്ധത്തിനും വഴിവെക്കുമെന്ന് മമത പറഞ്ഞു. മുൻ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ കുടുംബാംഗങ്ങൾപോലും പട്ടികക്കു പുറത്താണെന്നുള്ളത് തന്നെ അമ്പരപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. 
ആൾക്കൂട്ട ആക്രമണം, ദളിത് വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ ആക്രമണങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യക്ക് ഒരു മാറ്റം അനിവാര്യമായിരിക്കുന്നു എന്ന് മമത പറഞ്ഞു. 2019 ൽ ആ മാറ്റം സംഭവിക്കും. താനും മതേതരത്വത്തിൽ വിശ്വസിക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവർ ജീവിച്ചിരിക്കുന്ന കാലത്തോളം രാജ്യത്തെ ഒന്നിന്റെയും പേരിൽ വിഭജിക്കുന്നത് അനുവദിക്കില്ലെന്നും അവർ പറഞ്ഞു. 
ഇത് വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കളിയാണെന്ന് എൻ.ആർ.സി ലിസ്റ്റ് ചൂണ്ടിക്കാട്ടി മമത പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് ഗൂഢതന്ത്രങ്ങൾ മെനയുകയാണ്. അസമിൽ അധികാരത്തിൽ ഇരിക്കുന്ന സർക്കാരിന് വോട്ട് ചെയ്തവരാണ് ഇപ്പോൾ സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറിയത്. 
ഭരണപക്ഷം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണു പയറ്റുന്നത്. അവർ ജനങ്ങളെ ഭിന്നിപ്പിക്കാനാണു ശ്രമിക്കുന്നത്. ഒറ്റ ദിവസം കൊണ്ടാണ് 40 ലക്ഷം ആളുകൾ രാജ്യത്ത് അഭയാർഥികളായി മാറിയത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതുമാത്രം ലക്ഷ്യം വെച്ച് ജനങ്ങളെ ഇരകളാക്കുന്നത് അംഗീകരിക്കാനാകില്ല. ലിസ്റ്റിൽ പേര് വരാതിരിക്കുന്നവർക്ക് ഒറ്റ ദിവസം കൊണ്ട് അവരുടെ വ്യക്തിത്വം തന്നെ നഷ്ടമായെന്ന് എന്തുകൊണ്ടാണ് തിരിച്ചറിയാത്തത്. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും വിഭജനത്തിന് മുൻപ് ഒരു രാജ്യമായിരുന്നു എന്ന് ഓർമിക്കണം. 1971 വരെ ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന ഏതൊരാളും ഇന്ത്യൻ പൗരൻ തന്നെയായിരുന്നു. 
ബീഹാറുകാർ ബംഗാളിൽ നിൽക്കാൻ പാടില്ലെന്ന് പറഞ്ഞാൽ, വടക്കേ ഇന്ത്യക്കാർക്ക് തെക്കേ ഇന്ത്യയിൽ സ്ഥാനമില്ലെന്നു പറഞ്ഞാൽ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകും? ഈ രാജ്യം എന്നു പറയുന്നത് ഒരു കുടുംബമാണ്. ജാർഖണ്ഡിലോ ബീഹാറിലോ ഉത്തരാഖണ്ഡിലോ ഇതൊക്കെ നടന്നേക്കും. പക്ഷേ, പശ്ചിമ ബംഗാളിൽ തങ്ങൾ ഉള്ളിടത്തോളം കാലം അതൊന്നും നടക്കില്ലെന്നും മമത പറഞ്ഞു. 


 

Latest News