Sorry, you need to enable JavaScript to visit this website.

ജമ്മു കശ്മീരില്‍ ഗവര്‍ണറെ മാറ്റാനൊരുങ്ങി കേന്ദ്രം

എന്‍.എന്‍. വോറ

ന്യൂദല്‍ഹി- പത്ത് വര്‍ഷത്തിലേറെയായി ജമ്മു കശ്മീരിന്റെ ചുമതല വഹിക്കുന്ന ഗവര്‍ണര്‍ എന്‍.എന്‍. വോറക്ക് ഇനിയൊരു ഊഴം നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. 82 കാരനായ വോറക്കു പകരം കശ്മീരിലേക്ക് അയക്കാന്‍ മറ്റൊരു മുഖം തേടുകയാണ് കേന്ദ്രം. മുന്‍ ആഭ്യന്തര സെക്രട്ടറിയും നിലവില്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുമായ (സി.എ.ജി) രാജീവ് മെഹ്്‌റിഷിയെയാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യമായും പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മെഹബൂബ മുഫ്തിയുടെ പി.പി.പിയുമായി സഖ്യകക്ഷിയായിരുന്ന ബി.ജെ.പി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാണ്. തീവ്രവാദവും സുരക്ഷാ പ്രശ്‌നങ്ങളും വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നത്.
പി.പി.പി-ബി.ജെ.പി സഖ്യമന്ത്രിസഭ തകര്‍ന്ന ശേഷം മറ്റൊരു മന്ത്രിസഭ രൂപീകരിക്കാന്‍ കേന്ദ്രത്തിനു താല്‍പര്യമുണ്ടായിരുന്നുവെങ്കിലും ഗവര്‍ണര്‍ വോറ വിയോജിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിയമസഭ പിരിച്ചുവിടാതെ നിര്‍ത്തിയിരുന്നത് മറ്റൊരു സര്‍ക്കാരിനെ മുന്നില്‍ കണ്ടായിരുന്നു. പി.പി.പിയുടെ എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മെഹ്്ബൂബ മുഫ്തി രംഗത്തുവരികയുമുണ്ടായി. വിവിധ സര്‍ക്കാരുകള്‍ക്കിടയില്‍ നാല് തവണ ജമ്മു കശ്മീരിന്റെ ചുമതല വഹിച്ച എന്‍.എന്‍. വോറ പുതിയ സര്‍ക്കാരിനുളള ശ്രമങ്ങളെ ശക്തമായി എതിര്‍ത്തുവെന്നാണ് സൂചന. ചില തീരുമാനങ്ങള്‍ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും വോറ തയാറില്ലാത്തത് അദ്ദേഹത്തില്‍ കേന്ദ്രത്തിനുള്ള താല്‍പര്യം കുറയാന്‍ ഇടയാക്കിയെന്നും പറയുന്നു.
യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച വോറയെ നരേന്ദ്ര മോഡി സര്‍ക്കാര്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 28-ന് അദ്ദേഹത്തിന്റെ ഗവര്‍ണര്‍ കാലാവധി അവസാനിച്ചുവെങ്കിലും തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. അമര്‍നാഥ് യാത്ര ആരംഭിക്കാനിരിക്കെ, സുരക്ഷാ കാര്യങ്ങളും മറ്റും മുന്‍നിര്‍ത്തിയായിരുന്നു ഇത്.
രാഷ്ട്രീയ നേതാക്കളെ കശ്മീരിലേക്ക് ഗവര്‍ണറായി അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനമെടുത്തതായി പറയുന്നു. മുന്‍ പട്ടാള മേധാവിയും സീനിയര്‍ ഉദ്യോഗസ്ഥനുമാണ് പരിഗണനയിലുള്ളതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വിഘടനവാദത്തിനും തീവ്രവാദത്തിനുമെതിരെ സൈന്യം നടപടികള്‍ ശക്തമാക്കിയിരിക്കെ, സ്ഥിതിഗതികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനാവുന്ന ഗവര്‍ണറായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. മെഹബൂബ മുഫ്തിക്കു കീഴില്‍ രൂപീകരിച്ചിരുന്ന ഏകീകൃത കമാന്‍ഡ് സംവിധാനം പരാജയമായിരുന്നു.

 

Latest News