ജിദ്ദ- വിദേശിയുടെ ഭാര്യ രാജ്യം വിട്ടതായും സൗദിയില്‍ തിരികെ പ്രവേശിച്ചതായും വ്യാജമായി കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തി വിദേശിയില്‍ നിന്ന് പണം കൈപ്പറ്റിയ കരാതിര്‍ത്തി പോസ്റ്റിലെ രണ്ടു ജവാസാത്ത് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി (നസാഹ) അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കരാര്‍ നടപ്പാക്കിയ വകയിലുള്ള കുടിശ്ശിക അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് പകരം സ്വകാര്യ കമ്പനി ജീവനക്കാരനായ വിദേശിയില്‍ നിന്ന് 5,09,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച ലെഫ്. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു. സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റില്‍ ഡയറക്ട് പര്‍ച്ചേയ്‌സിംഗ് കമ്മിറ്റി പ്രസിഡന്റായാണ് പ്രതിയായ ഉദ്യോഗസ്ഥന്‍ സേവനമനുഷ്ഠിച്ചിരുന്നത്. ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ വിദേശിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബാങ്കില്‍ നിന്ന് വളഞ്ഞ വഴിയിലൂടെ പത്തു കോടിയിലേറെ റിയാലിന്റെ വായ്പ നേടിയ കേസില്‍ വ്യവസായിയെ സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു. വായ്പ അനുവദിച്ച ബാങ്കിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ വ്യാജ പദ്ധതികളുടെ കരാറുകള്‍ സമര്‍പ്പിച്ചാണ് വ്യവസായി ബാങ്കില്‍ നിന്ന് ഭീമമായ തുകയുടെ വായ്പ നേടിയത്. ഇതിന് കൂട്ടുനിന്നതിന് ബാങ്ക് ഉദ്യോഗസ്ഥന്‍ വ്യവസായിയില്‍ നിന്ന് പണം കൈപ്പറ്റിയതായും തെളിഞ്ഞിട്ടുണ്ട്. നിയമ വിരുദ്ധമായി ഇഖാമ അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് 50,000 റിയാല്‍ കൈക്കൂലി നല്‍കിയ ഇഖാമ നിയമ ലംഘകനെയും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ മൂന്നു വിദേശികളെ വിട്ടയക്കാന്‍ സുരക്ഷാ സൈനികന് 10,000 റിയാല്‍ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ഇതില്‍ 2,000 റിയാല്‍ കൈമാറുകയും ചെയ്ത വിദേശിയെയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഗവണ്‍മെന്റ് ആശുപത്രി ഡോക്ടറായ വിദേശിയും കുടുങ്ങി. സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്നും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.