ന്യൂദല്‍ഹി - മണിപ്പൂരില്‍ കഴിഞ്ഞ ജൂലൈ മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മെയ്ത്തി വിഭാഗക്കരായ 17 ഉം 20 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ ഹിജാം ലിന്തോയ്ഗാമ്പി, ഫിജാം ഹെംജിത്ത് എന്നിവരെയാണ് സഘര്ഷാവസ്ഥക്കിടെ കഴിഞ്ഞ ജൂലൈ മുതല്‍ കാണാതായത്. കുട്ടികള്‍ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തിരോധാന കേസ് സി ബി ഐ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചെന്ന സ്ഥിരീകരണമായത്. ഇതിനിടെ മണിപ്പൂരില്‍ നാലു മാസമായി തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് അടക്കം പുനസ്ഥാപിച്ചു. ആക്രമസംഭവങ്ങള്‍ കുറഞ്ഞതും സാധാരണ നിലയിലേക്ക് ജനജീവിതം നീങ്ങിയതും കണക്കിലെടുത്താണ് ഇന്റര്‍നെറ്റ് നിരോധനം നീക്കിയത്. കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ മെയ് മൂന്ന് മുതലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്.