Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാമ്പത്തിക നിരക്ഷരതയെ എങ്ങനെ മറികടക്കാം

കബളിപ്പിക്കപ്പെടുന്ന മലയാളികൾ

നൂറു ശതമാനം സാക്ഷരതയിൽ അഭിമാനിക്കുന്ന കേരളമാണ് വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെ വിവിധ രംഗങ്ങളിൽ മുൻപന്തിയിലുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്കു നിദാനമായത്. എന്നിട്ടും വൻ ലാഭം വാഗ്ദാനം ചെയ്യുന്ന തട്ടിപ്പു പദ്ധതികളിൽ കുടുങ്ങിയവരെയും കൊള്ളപ്പലിശക്കാർക്ക് സമ്പാദ്യം മുഴുവൻ ഹോമിക്കേണ്ടി വന്നവരെയും കുറിച്ചുള്ള വാർത്തകൾ ദിനേനയെന്നോണം വാർത്തകളിൽ നിറയുന്നു. കൂടുതൽ ശ്രദ്ധയും അറിവും ആവശ്യപ്പെടുന്ന മേഖലയാണ് സാമ്പത്തിക രംഗം. സാമ്പത്തിക കാര്യങ്ങളിൽ നല്ല അറിവുണ്ടെങ്കിൽ ധനം പ്രയോജനകരമായി കൈകാര്യം ചെയ്യാനും ബുദ്ധിപൂർവമായി നിക്ഷേപങ്ങൾ നടത്താനും അതു വഴി സാമ്പത്തിക സുരക്ഷിതത്വമുള്ള ജീവിതം കെട്ടിപ്പടുക്കാനും കഴിയും. എങ്ങനെയാണ് നാം അറിവ് നേടേണ്ടത്, ഇതിനായി ആരെയാണ് വിശ്വാസത്തോടെ സമീപിക്കുക?
പ്രതിമാസം ഒന്നര ലക്ഷം രൂപ ഇരുവരും ചേർന്ന് സമ്പാദിക്കുന്ന, വിദ്യാർത്ഥികളായ രണ്ടു മക്കളുടെ മാതാപിതാക്കളായ യുവ ദമ്പതികളുടെ ഉദാഹരണം എടുക്കാം. വാടക വീട്ടിൽ താമസിക്കുന്ന അവർ സ്വന്തം വീടും കാറും വാങ്ങാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം സ്വരൂപിക്കാനും ആഗ്രഹിക്കുന്നു. പ്രതിമാസം ചെലവു കഴിച്ചുള്ള കാശ് അവർ ചേർത്തു വെക്കുന്നു. ഇതു മതിയോ? പോരാ എന്നു പറയേണ്ടി വരും. പണപ്പെരുപ്പം, തൊഴിൽ നഷ്ട സാധ്യത, അപ്രതീക്ഷിതമായി നടക്കാവുന്ന നിർഭാഗ്യകരമായ സംഭവങ്ങൾ എന്നിവയെല്ലാം കണക്കിലെടുക്കണ്ടേ?. ഈ സാധ്യതകൾ അവർക്ക് ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും. അവനവന്റെ ധനസ്ഥിതിയെക്കുറിച്ച ് മതിയായ അറിവും പ്രതിസന്ധികൾ നേരിടാനുള്ള കെൽപും സഹായത്തിനെത്തുക ഇവിടെയാണ്.
 

പൊതുവെ വരുത്തുന്ന ചില തെറ്റുകൾ പരിശോധിക്കാം:

അടിയന്തര ഘട്ടങ്ങൾ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ കുറവ് 

ശമ്പളം ആശ്രയിച്ചു ജീവിക്കുന്നവർ നേരിടുന്ന മുഖ്യ വെല്ലുവിളി ലക്ഷ്യങ്ങളിലെ വ്യക്തതയില്ലായ്മയാണ്. ഭൂരിപക്ഷം പേരും അടിയന്തര ഘട്ടം നേരിടാൻ ഒരുക്കം നടത്തിയിട്ടുണ്ടാവില്ല. 
ബാക്കിയുള്ളവർ കമ്പനി നൽകുന്ന ആനുകൂല്യങ്ങളെ ആശ്രയിക്കുന്നു. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരാഴ്ചക്കകം ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കിൽ മെഡിക്കൽ ഇൻഷുറൻസോ പണമായി മതിയായ സമ്പാദ്യമോ കൈയിൽ ഇല്ലെങ്കിൽ എങ്ങനെ അത് നിർവഹിക്കും?  

ദുർബലമായ നിക്ഷേപ പദ്ധതികൾ

ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ എന്തു തെരഞ്ഞെടുക്കണം എന്നത് സുപ്രധാന തീരുമാനമാണ്. ജോലിയിൽ ഇനി അഞ്ചു വർഷമേ ഉണ്ടാവൂ എങ്കിൽ റിസ്‌കെടുക്കാൻ നിങ്ങൾക്കു കഴിയില്ല. അതിനായി നല്ല നിക്ഷേപ സംവിധാനമാണ് തെരഞ്ഞെടുക്കേണ്ടത്. സമ്പാദ്യം, നിക്ഷേപം എന്നാൽ ഓഹരിയോ മ്യൂച്വൽ ഫണ്ടുകളോ മാത്രമല്ല, പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ, സ്ഥിരനിക്ഷേപം, സ്വർണ ഇ.ടി.എഫുകൾ, എസ്.ജി.ബി, കടപ്പത്രങ്ങൾ, ധനവിപണിയിലെ ഇതര പദ്ധതികൾ എന്നിങ്ങനെ മറ്റു മാർഗങ്ങളുമുണ്ട്. ഇൻഷുറൻസ്, നിശ്ചിത കാലയളവിലുള്ള പദ്ധതികൾ, വായ്പ പദ്ധതികൾ എന്നിവ വളരെ കുറച്ചു പേരേ ആശ്രയിക്കുന്നുള്ളൂ. 
പോർട്‌ഫോളിയോയിലെ വൈവിധ്യവൽക്കരണമാണ് വിപണിയിലെ ആന്ദോളനങ്ങളെ നേരിട്ട് നല്ല ലാഭം നേടാനുള്ള താക്കോൽ. 

മതിയായ ഗവേഷണത്തിന്റെ അഭാവം

പണം നിക്ഷേപിക്കുന്നതിനു മുമ്പ് മതിയായ പഠനം ആവശ്യമാണ്. നികുതി, പലിശ നിരക്കുകൾ, വിപണിയിൽ നിന്നുള്ള ലാഭം തുടങ്ങി അനേകം കാര്യങ്ങൾ മനസ്സിലാക്കണം. പണം നിക്ഷേപിക്കുന്നതു കൊണ്ടു മാത്രം കാര്യമില്ല. 15 ശതമാനം ലാഭം നേടി 10 ശതമാനം നികുതി നൽകുന്നതിൽ അർത്ഥമില്ല. 

പണപ്പെരുപ്പത്തെ മെരുക്കേണ്ട വിധം

കുറഞ്ഞ ലാഭം മാത്രം തരുന്ന പദ്ധതികളിൽ നിക്ഷേപിക്കുന്നതാണ് പൊതുവെ കണ്ടു വരാറുള്ളത്. റിസ്‌കെടുക്കാൻ കെൽപുള്ളവരും യുവാക്കളും പണം ഇറക്കേണ്ടത്  ഓഹരികൾ പോലുള്ള നിക്ഷേപങ്ങളിലാണ്. പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടം ഇതിലൂടെ ഉറപ്പ് വരുത്താൻ കഴിയും. 

നികുതികളുടെയും ചാർജുകളുടെയും കാര്യത്തിലുള്ള അവ്യക്തത

വ്യത്യസ്ത നിക്ഷേപങ്ങളിൽ ഇൻഷുറൻസ് ചാർജ് ഇനത്തിലും നികുതിയിനത്തിലും നൽകേണ്ട പണത്തെക്കുറിച്ച് മിക്കവർക്കും അറിയാത്തതിനാൽ കൈയിൽ സമ്പാദ്യം തിരിച്ചെത്തുമ്പോഴാണ് അതിലെ കുറവ് മനസ്സിലാവുക. ശരിയായ നിക്ഷേപത്തിനുള്ള മാർഗ നിർദേശങ്ങൾക്കായി ആരെയാണ് സമീപിക്കേണ്ടത് എന്നറിയാതെയോ തെറ്റായ ഉപദേശം കാരണമോ പലർക്കും നിക്ഷേപത്തിനുള്ള സുവർണാവസരങ്ങൾ നഷ്ടപ്പെടാറുണ്ട്. ശരിയായ ധന പദ്ധതി തയാറാക്കുന്നതിന് യോഗ്യരായ വിദഗ്ധരെയോ പ്രൊഫഷനണലുകളെയോ ആണ് സമീപിക്കേണ്ടത്.  സാമ്പത്തിക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഇത് അങ്ങേയറ്റം സഹായകമാവും. 

Latest News