അഹമ്മദാബാദ് - കോടികള്‍ വിലമതിക്കുന്ന വജ്രം കളഞ്ഞുപോയെന്ന് പ്രചാരണത്തെ തുടര്‍ന്ന് അത് കണ്ടു കിട്ടാനായി ഒരു നഗരത്തിലെ നാട്ടുകാരൊന്നാകെ തെരുവില്‍ തെരഞ്ഞു നടക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ ദൃശ്യം. റോഡില്‍ ഒരു പാക്കറ്റ് വജ്രം നഷ്ടപ്പെട്ടു എന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് വജ്രം കണ്ടെത്താനുള്ള ആളുകളുടെ നെട്ടോട്ടം. നഗരത്തിന്റെ മുക്കിലും മൂലയിലും നാട്ടുകാര്‍ അരിച്ചുപെറുക്കുന്ന കാഴ്ചയാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വജ്രങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള മിനി ബസാറായ 'വരച്ച' പ്രദേശത്ത് ഒരാളുടെ വജ്ര പാക്കറ്റ് നഷ്ടപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തടിച്ച് കൂടിയത്.
#Diamond #Surat #Gujarat pic.twitter.com/WdQwbBSarl
— (@KalpeshPraj80) September 24, 2023
ഒരു വ്യാപാരിയുടെ കോടികള്‍ വിലമതിക്കുന്ന വജ്രങ്ങള്‍ റോഡില്‍ വീണുവെന്ന സന്ദേശമാണ് പ്രചരിക്കുന്നതെന്ന് 'അഹമ്മദാബാദ് മിറര്‍' എന്ന വാര്‍ത്താ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു സംഭവം കേട്ടറിഞ്ഞ നാട്ടുകാര്‍, വജ്രത്തിനായി നഗരം മുഴുവന്‍ തെരഞ്ഞു നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിലര്‍ മാര്‍ക്കറ്റ് റോഡിലെ മണല്‍ അരിച്ച് വജ്രങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ജനങ്ങളെ പറ്റിക്കാനായി ചിലര്‍ ആസുത്രിതമായി നടത്തിയ പ്രചാരണമാണെന്നും വാര്‍ത്തകളുണ്ട്. ഒറിജിനല്‍ വജ്രം തെരഞ്ഞു നടന്ന ചിലര്‍ക്ക് ലഭിച്ച വജ്രങ്ങള്‍ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് മനസ്സിലായതോടെയാണ് ഇതൊരു പറ്റിക്കല്‍ പ്രചാരണമാണെന്ന സംശയം നാട്ടകാരില്‍ ഉയര്‍ന്നത്.