ഹൈദരാബാദ്- ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നും മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി. വയനാട്ടില്‍ അല്ല, ഹൈദരാബാദില്‍ നിന്നും ജനവിധി തേടാന്‍ രാഹുല്‍ തയ്യാറാകണം. ഹൈദരാബാദില്‍ നടന്ന പൊതുയോഗത്തിലാണ് ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന് പാര്‍ട്ടി നേതാവിന്റെ വെല്ലുവിളി. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണെന്നും ഉവൈസി
ഓര്‍മ്മിപ്പിച്ചു. 'നിങ്ങള്‍ വലിയ പ്രസ്താവനകള്‍ തുടരുന്നു. താഴേക്കിറങ്ങി വന്ന് എനിക്കെതിരെ പോരാടുക. പോരാട്ടത്തിന് ഞാന്‍ തയ്യാറാണ്'. ബാബറി മസ്ജിദും സെക്രട്ടേറിയറ്റിലെ മസ്ജിദും തകര്‍ത്തത് കോണ്‍ഗ്രസ് ഭരണത്തിലാണെന്നും ഒവൈസി പറഞ്ഞു. തെലങ്കാനയില്‍, കോണ്‍ഗ്രസ് പാര്‍ട്ടി ബിആര്‍എസിന് എതിരെ മാത്രമല്ല പോരാടുന്നത്. ബിആര്‍എസ്, ബിജെപി, എഐഎംഐഎം എന്നീ പാര്‍ട്ടികളുടെ കൂട്ടുകെട്ടിനെതിരെയാണെന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. വ്യത്യസ്ത പാര്‍ട്ടികള്‍ എന്ന് അവര്‍ സ്വയം പറയുന്നുണ്ടെങ്കിലും, അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.