ന്യൂഡൽഹി - കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതിന്റെ റെഗുലർ സർവീസ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഓൺലൈനായി നടന്ന ചടങ്ങിൽ കേരളത്തിലേത് ഉൾപ്പെടെ ഒൻപത് പുതിയ വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്തത്.
രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ ഉടനെത്തുമെന്ന് മോഡി പറഞ്ഞു. വന്ദേഭാരത് ടൂറിസം വളർച്ചയ്ക്ക് വഴിയൊരുക്കുന്നുവെന്നും കഴിഞ്ഞ 9 വർഷത്തിനകം റെയിൽവേ ഏറെ വികസിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചിരിക്കുകയാണെന്ന് സ്ത്രീ സംവരണം അടക്കമുള്ള ഭരണനേട്ടങ്ങൾ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരത്. ഇതുവരെ ഒരു കോടിയിൽ അധികം യാത്രക്കാർ വന്ദേ ഭാരത് ട്രെയിനുകളിൽ രാജ്യത്ത് യാത്ര ചെയ്തു. രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത് സർവീസുകൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് കന്നിയാത്രയിൽ പങ്കെടുത്തത്.
കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി രാവിലെ കാസർഗോഡ് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ശേഷം വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസർക്കോട്ടെത്തുന്ന നിലയിലാണ് യാത്രാസമയം.