മലപ്പുറത്തിനൊരു നെല്ലറയൊരുക്കാൻ 'ഇൽമും അദബും'' പങ്ക് ചേർന്നൊരു കൃഷിപാഠമൊരുക്കുകയാണ് തലപ്പാവും തൂവെള്ള വസ്ത്രവുമണിഞ്ഞ, രാമപുരത്ത് മതപഠനത്തിലേർപ്പെട്ട മുസ്‌ല്യാർ കുട്ടികൾ.
കേരളത്തിന്റെ നെല്ലറയുടെ സൗന്ദര്യം അനുഭവിക്കാൻ പാലക്കാട്ടേക്കും കുട്ടനാട്ടേക്കും വണ്ടി കയറുന്ന മലപ്പുറത്തുകാർക്ക് കൃഷിയുടെ നല്ല പാഠം ഒരുക്കുന്ന തിരക്കിലാണ് രാമപുരം അൻവാറുൽ ഹുദാ ഇസ്‌ലാമിക് കോംപ്ലക്‌സിലെ വിദ്യാർഥികളും അധ്യാപകരും. ഒരു ജോലിയുമറിയാതെ കേരളത്തിലേക്ക് ട്രെയിൻ കയറുന്ന ബംഗാളികൾക്ക് എന്ത് ജോലിയും മലയാളക്കരയിൽ ചെയ്യാമെങ്കിൽ പഠന - പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിക്കുന്ന പണ്ഡിത വിദ്യാർത്ഥികൾക്ക് എന്തുകൊണ്ട് ഞാറ് പാകിക്കൂടാ എന്ന ചോദ്യമാണ് ഈ കൃഷിപാഠത്തിന്റെ വികാരം. വിഷരഹിത ഭക്ഷ്യധാന്യങ്ങൾ സ്വന്തം വയലിൽ വിളവെടുക്കുകയാണ് ലക്ഷ്യം. മലപ്പുറം - പാലക്കാട് ദേശീയ പാതക്കരികിലെ പച്ച പുതച്ച വയലുകൾക്ക് നടുവിലായി കാൽ നൂറ്റാണ്ടോളമായി സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന മത കലാലയമാണ് രാമപുരം അൻവാറുൽ ഹുദാ കോംപ്ലക്‌സ്.
സ്ഥാപനത്തിന്റെ ചുറ്റുമായി ഏക്കർകണക്കിന് കൃഷിഭൂമിയുണ്ട്. വർഷങ്ങളായി പരിസരത്തെ കർഷകർക്ക് പാട്ടത്തിന് നൽകിയാണ് പച്ചപ്പ് നിലനിർത്തുന്നത്. കോളേജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യാവശ്യത്തിനുള്ള അരി സ്വന്തമായി കൃഷി ചെയ്‌തെടുക്കുവാനുള്ള സ്വപ്‌ന പദ്ധതിക്കാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഈ പദ്ധതിയെ മാനേജ്‌മെന്റും അധ്യാപകരും വിദ്യാർത്ഥികളും പൂർണ മനസ്സോടെ ഏറ്റെടുത്തു. സ്ഥാപനത്തിന്റെ സെക്രട്ടറിയും കടുങ്ങപുരം ഗവ. ഹൈസ്‌കൂൾ അധ്യാപകനുമായ കെ.പി.എസ്. പൂക്കോയ തങ്ങളുടെയും കോളേജ് പ്രിൻസിപ്പൽ നജീബ് യമാനി പനങ്ങാങ്ങരയുടെയും നേതൃത്വത്തിലുള്ള സംഘം മഴ മാറിനിന്ന അന്തരീക്ഷത്തിൽ വെള്ള വസ്ത്രം മാറ്റിയെടുത്ത് നെൽപാടത്തേക്കിറങ്ങിയത് കൗതുക കാഴ്ചയായി. തലേദിവസം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ച് പാകമാക്കിയ ചേറു നിറഞ്ഞ പാടത്തേക്ക് കൈയിൽ ഒരു കറ്റ ഞാറുമായാണ് എല്ലാവരും ഇറങ്ങിയത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉദ്ദേശിച്ച സ്ഥലത്ത് നടീൽ പൂർത്തിയായി. മതപഠനം നടത്തുന്നവർ പാടത്തിറങ്ങി കൃഷിയിലേർപ്പെടുന്ന അപൂർവ കാഴ്ച നാട്ടുകാരിലും അത് വഴിയെ കടന്നു പോകുന്നവരിലും കൗതുകം പകർന്നു.