Sorry, you need to enable JavaScript to visit this website.

യു.പി.എ കാലം; ഖേദം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി - നിയമസഭയിലും പാർല്ലമെന്റിലും വനിതകൾക്ക് 33 ശതമാനം സീറ്റുകൾ ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ ഇരുസഭകളിലും പാസാക്കിയത് രാഷ്ട്രീയ നേട്ടമാക്കാൻ കേന്ദ്രസർക്കാർ തന്ത്രം മെനയുന്നതിനിടെ യു.പി.എ കാലത്തെ പോരായ്മയിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി. 
 കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ ഭരണകാലത്ത് വനിതാ സംവരണ ബില്ലിൽ ഒ.ബി.സി ഉപസംവരണം നടപ്പാക്കാത്തതിലാണ് രാഹുൽ ഖേദം പ്രകടിപ്പിച്ചത്. അന്നത്തെ ബില്ലിൽ ഒ.ബി.സി വ്യവസ്ഥയില്ലാത്തതിൽ നൂറു ശതമാനവും ഖേദമുണ്ട്. അന്നത് നടപ്പാക്കേണ്ടതായിരുന്നു. ഈ തിരിച്ചറവിന്റെ അടിസ്ഥാനത്തിലാണ് വനിതാ സംവരണ ബില്ലിനെ ശക്തമായി പിന്തുണച്ചപ്പോഴും എസ്.സി, എസ്.ടി, ഒ.ബി.സി പിന്നാക്ക വിഭാഗം വനിതകൾക്ക് അതിൽ പ്രത്യേകം ഉപസംവരണം വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 
 എന്നാൽ, സവർണ രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പി പിന്നാക്ക ദലിത് വിഭാഗങ്ങളുടെ സംവരണത്തിന് നേരെ മുഖം തിരിക്കുകയാണുണ്ടായത്. ഈ ദുഷ്ടലാക്ക് തിരിച്ചറിയണം. ഒപ്പം 2024-ലെ തെരഞ്ഞെടുപ്പ് മുതൽ തന്നെ വനിതാ സംവരണം യാഥാർത്ഥ്യമാക്കാനും ബി.ജെ.പിക്ക് താൽപര്യമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. 
 ജാതി സെൻസസിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടത്തുന്നത്. 33 ശതമാനം വനിതാ സംവരണം എന്ന് യാഥാർത്ഥ്യമാകുമെന്ന് സംശയമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണസംവിധാനത്തിൽ ഒ.ബി.സി വിഭാഗത്തിന്റെ സാന്നിധ്യത്തിൽ നല്ല കുറവുണ്ട്. എത്ര പിന്നാക്കക്കാർ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത പ്രസംഗത്തിലെങ്കിലും പറയണം. ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തിയെ തീരൂ. അത് നീട്ടിക്കൊണ്ട് പോകരുത്. സർക്കാരിലെ മുതിർന്ന സെക്രട്ടറിമാർ 90 പേരുണ്ട്. പക്ഷേ, ഒ.ബി.സി വിഭാഗത്തിൽ നിന്ന് മൂന്നുപേർ മാത്രമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി..
 വനിതാ സംവരണ ബിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയവും സ്വപ്‌നവുമായിരുന്നുവെങ്കിലും അത് പൂർണാർത്ഥത്തിൽ പൂവണിയിക്കാൻ അദ്ദേഹത്തിനോ കോൺഗ്രസ് നേതൃത്വത്തിലുള്ള പിൽക്കാല സർക്കാറുകൾക്കോ സാധിച്ചിരുന്നില്ല. 2010ൽ  കോൺഗ്രസ് രാജ്യസഭയിൽ വനിതാ സംവരണ ബിൽ പാസാക്കിയെങ്കിലും ലോകസഭയിൽ കടമ്പ കടക്കാനായിരുന്നില്ല. ആ നിലയ്ക്ക് കോൺഗ്രസ് സർക്കാർ തുടങ്ങിയ റിലേയുടെ പൂർത്തീകരണമാണ് അപൂർണതയോടെയാണെങ്കിലും വനിതാ സംവരണ ബില്ലിലൂടെ മോഡി സർക്കാർ നടപ്പാക്കിയത്. ഇനിയതിൽ പിന്നാക്കക്കാർക്ക് ഉപസംവരണം ഉറപ്പാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

Latest News