ന്യൂഡൽഹി - കേന്ദ്ര സർക്കാർ കേരളത്തിനായി അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ അധികൃതർ. ഇ.ടി മുഹമ്മദ് ബഷീർ എം.പിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ആദ്യ വന്ദേഭാരത് ട്രെയിനിന് കൂടി തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
ഞായറാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്യുക. ഓറഞ്ചും കറുപ്പും കലർന്ന പുതിയ നിറത്തിലുള്ള ട്രെയിനിൽ നിലവിൽ എട്ട് കോച്ചുകളാണുണ്ടാവുക. 26 മുതലായിരിക്കും ട്രെയിനിന്റെ സാധാരണ സർവീസുകൾ തുടങ്ങുകയെന്നാണ് വിവരം. രാവിലെ കാസർഗോഡ് നിന്നാരംഭിച്ച് മൂന്ന് മണിയോടെ തിരുവനന്തപുരത്തെത്തുന്ന രീതിയിണ് സർവീസ്. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.55ന് കാസർകോട്ടെത്തും വിധമായിരിക്കും സർവീസ്. ആഴ്ച്ചയിൽ ഒരു ദിവസം സർവീസ് ഉണ്ടാകില്ല.