ന്യൂദല്‍ഹി- അന്‍ഡ്രോയ്ഡ്, ഐ.ഓ.എസ് സ്മാര്‍ട്‌ഫോണുകളില്‍ വാട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ, വോയിസ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചു. നാലു പേര്‍ക്കു വരെ ഒരേ സമയം വീഡിയോ കോളിങ് നടത്താം. മേയില്‍ നടന്ന ഫേസ്ബുക്ക് ഡെവലപര്‍ കോണ്‍ഫറന്‍സിലാണ് ആദ്യമായി വാട്‌സാപ്പിലെ ഗ്രൂപ്പ് വീഡിയോ വോയിസ് കോളിങ് ഫീച്ചര്‍ പ്രഖ്യാപിച്ചത്. ഇതിപ്പോള്‍ ലോകത്തൊട്ടാകെയുള്ള ആന്‍ഡ്രോയ്ഡ്, ഐ.ഓ.എസ് ഫോണുകള്‍ ലഭ്യമാണ്. വാട്‌സാപ്പ് യൂസര്‍മാര്‍ പ്രതിദിനം 200 കോടി മിനിറ്റുകള്‍ കോളുകള്‍ക്കായി ചെലവിടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതു മുന്നില്‍ കണ്ടാണ് ഏറെ കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
2016ലാണ് ആദ്യമായി വാട്‌സാപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇതു രണ്ടു പേര്‍ തമ്മില്‍ മാത്രമെ ഇതുവരെ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ നാലു പേര്‍ക്കു വരെ ഒരേ സമയം നേരില്‍ കണ്ടു കൊണ്ട് സംസാരിക്കാം. വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്കില്‍ പോലും നന്നായി പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. ചാറ്റുകളെ പോലെ ഗ്രൂപ്പ് കോളുകളും എന്‍ക്രിപ്റ്റഡ് ആയിരിക്കും.
ഗ്രൂപ്പ് വീഡിയോ കോള്‍ എങ്ങനെ?
ആദ്യമായി നിങ്ങളുടെ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്ത് പുതിയ വേര്‍ഷന്‍ ലഭിച്ചുവെന്ന് ഉറപ്പു വരുത്തുക. വാട്‌സാപ്പ് കോണ്ടാക്ടില്‍ നിന്ന് തെഞ്ഞെടുത്ത ഒരു നമ്പറിലേക്ക് വീഡിയോ/ വോയിസ് കോള്‍ തുടങ്ങുക. ഇപ്പോള്‍ സ്‌ക്രീനിന്റെ മുകളില്‍ വലതു മൂലയില്‍ മറ്റൊരാളെ കൂടി ഈ കോളിലേക്ക് ചേര്‍ക്കാനുള്ള ഒപ്ഷന്‍ പ്രത്യക്ഷപ്പെടും. കോള്‍ കണക്ട് ചെയ്യപ്പെട്ടാല്‍ മുകളില്‍ കാണുന്ന Add Person എന്ന ഐക്കണ്‍ ടാപ് ചെയ്ത് വീണ്ടും മറ്റൊരാളെ ചേര്‍ക്കാം.