ന്യൂദല്‍ഹി- വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണ്ടിവരുമോ? പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസ്സാക്കിയതോടെ അടുത്ത ചോദ്യം ഇതാണ്.
ഭരണഘടന ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന വകുപ്പുകളെ പലതരത്തില്‍ വ്യാഖ്യാനിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇക്കാര്യത്തില്‍ നിയമവിദഗ്ധര്‍ക്കുള്ളത്. ബില്ലിന് നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്ന് ലോക്സഭാ മുന്‍സെക്രട്ടറിജനറല്‍ പി.ഡി.ടി. ആചാരി ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വ്യക്തമാക്കുമ്പോള്‍ എതിരഭിപ്രായവും ഉയരുന്നുണ്ട്.
ഭരണഘടനാ ഭേദഗതിക്കുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നത് ഭരണഘടനയിലെ 368 ാം അനുച്ഛേദത്തിലാണ്. ഇതുപ്രകാരം രണ്ടുതരത്തിലാണ് ഭേദഗതി നടപ്പാക്കാനാവുക. ചില ഭേദഗതിബില്ലുകള്‍ ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ (സ്‌പെഷ്യല്‍ മെജോറിറ്റി) പാസായാല്‍ മതി. ഇരുസഭകളിലും അവിടത്ത ആകെ അംഗങ്ങളുടെ പകുതിയിലേറെ വോട്ട് ലഭിക്കുകയും വേണം. എന്നാല്‍, മറ്റുചില വിഷയങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്ക് മേല്‍പ്പറഞ്ഞതിനുപുറമേ, രാജ്യത്തെ പകുതിയെങ്കിലും സംസ്ഥാന നിയമസഭകളുടെ പ്രമേയം വഴിയുള്ള അംഗീകാരം വേണം. വനിതാ സംവരണത്തിനായുള്ള ഭേദഗതി ഇതിനുകീഴില്‍ വരുമോയെന്നതാണ് ചോദ്യം.
പാര്‍ലമെന്റില്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമ്പോഴാണ് പ്രധാനമായും നിയമസഭകളുടെ അംഗീകാരം ആവശ്യമുള്ളത്. വനിതാസംവരണം വഴി പാര്‍ലമെന്റിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ മാറ്റംവരുന്നില്ല. ഓരോ സംസ്ഥാനത്തിനും പാര്‍ലമെന്റിലുള്ള പ്രതിനിധികളുടെ എണ്ണത്തില്‍ ഈ ഭേദഗതികാരണം മാറ്റംവരുന്നില്ല -പി.ഡി.ടി. ആചാരി പറഞ്ഞു.