Sorry, you need to enable JavaScript to visit this website.

സ്‌നേഹിച്ച സഹപ്രവര്‍ത്തകയോട് അടുപ്പം കാണിച്ചയാളെ കൊന്നു കുഴിച്ചിട്ടു

ന്യൂദല്‍ഹി - ദല്‍ഹിയില്‍ സീനിയര്‍ സര്‍വേയറായ 42കാരനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. 'സര്‍വേ ഓഫ് ഇന്ത്യ'യില്‍ സീനിയര്‍ സര്‍വേയറായ മഹേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് അസിസ്റ്റന്റ് സര്‍വേയറായ അനീഷ് കുമാറിനെ(24) പോലീസ് പിടികൂടിയത്. ഒരുമാസം മുമ്പാണ് കൃത്യം നടന്നതെന്നും കൊലപാതകത്തിന് ശേഷം പ്രതി അന്വേഷണസംഘത്തെ കബളിപ്പിക്കാനായി പലമാര്‍ഗങ്ങളും സ്വീകരിച്ചതായും പോലീസ് പറഞ്ഞു.

മഹേഷ്‌കുമാറില്‍നിന്ന് വാങ്ങിയ ഒന്‍പതുലക്ഷം രൂപ തിരികെ കൊടുക്കാനുള്ളതും തനിക്ക് ഇഷ്ടമുള്ള സഹപ്രവര്‍ത്തകയെ മഹേഷ്‌കുമാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. മഹേഷ്‌കുമാറിന്റെ മൂന്ന് സുഹൃത്തുക്കള്‍ക്ക് ജോലി ശരിയാക്കിനല്‍കാമെന്ന് പറഞ്ഞാണ് അനീഷ് ഒമ്പത് ലക്ഷം രൂപ വാങ്ങിയിരുന്നത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് ജോലി കിട്ടിയില്ല. തുടര്‍ന്ന് മഹേഷ്‌കുമാര്‍ പണം തിരികെചോദിച്ചതോടെയാണ് കൊലപാതകത്തിനുള്ള പദ്ധതി പ്രതി ആസൂത്രണംചെയ്തത്. ഇതിനൊപ്പം ഓഫീസിലെ സഹപ്രവര്‍ത്തകയോട് അനീഷിന് താത്പര്യമുണ്ടായിരുന്നു. ഇതേ യുവതിയുമായി ബന്ധം സ്ഥാപിക്കാന്‍ മഹേഷ്‌കുമാറും ശ്രമിച്ചു. ഇതും പകക്ക് കാരണമായെന്നാണ് പോലീസ് പറയുന്നത്.

പണം തിരികെനല്‍കാമെന്ന് പറഞ്ഞാണ് പ്രതി മഹേഷ്‌കുമാറിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇതിനുമുന്നോടിയായി കൃത്യം നടത്താനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. അഞ്ചുദിവസം ഓഫീസില്‍നിന്ന് അവധിയെടുത്ത പ്രതി തെക്കന്‍ ദല്‍ഹിയിലെ ചന്തയില്‍നിന്നാണ് ആയുധങ്ങളും മണ്‍വെട്ടിയും അടക്കം വാങ്ങിയത്.
പണം വാങ്ങാനായി ഫഌറ്റിലെത്തിയ മഹേഷ്‌കുമാറിനെ തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ സ്വന്തമാക്കി വാട്‌സാപ്പില്‍ സ്റ്റാറ്റസും പോസ്റ്റ് ചെയ്തു. 65 ലക്ഷം രൂപ വായ്പയുള്ളതിനാല്‍ ഒളിവില്‍പോവുകയാണെന്നാണ് മഹേഷിന്റെ വാട്‌സാപ്പ് സ്റ്റാറ്റസില്‍ കുറിച്ചത്. തുടര്‍ന്ന് മഹേഷിന്റെ ഫോണുമായി ഫരീദാബാദിലേക്ക് പോവുകയും ഫോണ്‍ അവിടെ ഉപേക്ഷിച്ചശേഷം ഹരിയാനയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
മഹേഷ്‌കുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഈ സമയം മഹേഷിന്റെ വീട്ടിലെത്തിയ അനീഷ്, അദ്ദേഹത്തെ കണ്ടുപിടിക്കാനായി എല്ലാ സഹായങ്ങളും കുടുംബത്തിന് ഉറപ്പുനല്‍കി. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് വലയിലാക്കുകയായിരുന്നു.

 

Latest News