ന്യൂദല്‍ഹി- കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായ ആരോഗ്യ പ്രവര്‍ത്തക റേച്ചല്‍ ജോസഫ് വര്‍ഗീസിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കാമെന്ന് ദല്‍ഹി സര്‍ക്കാര്‍. ദല്‍ഹി ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ദല്‍ഹിയിലെ റോക്‌ലാന്‍ഡ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജരായി ജോലിചെയ്തുവരുന്നതിനിടെയാണ് റേച്ചല്‍ ജോസഫ് കോവിഡിന് കീഴടങ്ങിയത്. കോവിഡ് ബാധിച്ച് മരിക്കുന്ന മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് ദല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സഹായത്തിന് ബ്ലഡ് ബാങ്ക് ജീവനക്കാര്‍ക്ക് അര്‍ഹത ഇല്ലെന്നായിരുന്നു ദല്‍ഹി സര്‍ക്കാര്‍ നിലപാട്.
ഇതിനെ ചോദ്യം ചെയ്ത് റേച്ചല്‍ ജോസഫിന്റെ ഭര്‍ത്താവ് ജോസഫ് വര്‍ഗീസ് നല്‍കിയ ഹരജിയില്‍ ദല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഇതേക്കുറിച്ച് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സാമ്പത്തിക സഹായം നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തി ജസ്റ്റിസ് പ്രതിഭ സിംഗ് ഹരജി തീര്‍പ്പാക്കി. ജോസഫ് വര്‍ഗീസിന് വേണ്ടി അഭിഭാഷകന്‍ മനോജ് വി. ജോര്‍ജ് ആണ് ഹൈക്കോടതിയില്‍ ഹാജരായത്.