എല്ലാ എക്‌സ് ഉപയോക്താക്കളിൽനിന്നും ചെറിയ പ്രതിമാസ പേയ്‌മെന്റ് ഈടാക്കാൻ എലോൺ മസ്‌ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. എക്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇനിയങ്ങോട്ട് സൗജന്യ സ്ഥലമാകില്ല. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള തത്സമയ സംവാദത്തിലാണ് എക്‌സ് ഉടമ എലോൺ മസ്‌ക് ഇക്കാര്യം സൂചിപ്പിച്ചത്.
പ്ലാറ്റ്‌ഫോമിലെ ബോട്ട് പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായാണ് ഈ ആശയം എലോൺ മസ്‌ക് മുന്നോട്ടുവെച്ചിരിക്കുന്നത്.
വലിയ ബോട്ടുകളുടെ സൈന്യത്തെ നേരിടാൻ തനിക്ക് ചിന്തിക്കാനാകുന്ന ഒരേയൊരു മാർഗമാണിതെന്ന് മസ്‌ക് പറഞ്ഞു.
ഒരു ബോട്ടിന് ഒരു ചില്ലിക്കാശിന്റെ അംശം ചെലവാകുകയെന്നും അതിനെ ഒരു പെന്നിയുടെ പത്തിലൊന്ന് എന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ഡോളറോ മറ്റോ നൽകേണ്ടി വന്നാലും ബോട്ടുകളുടെ ഫലപ്രദമായ വില വളരെ ഉയർന്നതാണെന്ന് മസ്‌ക് കൂട്ടിച്ചേർത്തു.
എക്‌സിൽ എല്ലാവരോടും പണം ഈടാക്കുക എന്ന ആശയം പുതിയതല്ല. കഴിഞ്ഞ വർഷം മസ്‌ക് ഇത് അവതരിപ്പിച്ചിരുന്നു. കമ്പനി നിലവിൽ അതിന്റെ പ്രീമിയം ഉപയോക്താക്കളിൽ നിന്ന് പ്രതിമാസം എട്ട് ഡോളർ ഈടാക്കുന്നുണ്ട്. അവർക്ക് പോസ്റ്റുകൾ എഡിറ്റ് ചെയ്യാം, ദൈർഘ്യമേറിയ പോസ്റ്റുകൾ എഴുതാം, തെരയലിലും സംഭാഷണങ്ങളിലും മുൻഗണന ക്രമത്തിലുള്ള റാങ്കിംഗ് എന്നിവക്കു പുറമെ പ്രീമിയം ഉപയോക്താക്കൾ കുറച്ച് പരസ്യങ്ങൾ കണ്ടാൽ മതി.
എ്കസിൽ ഇപ്പോൾ 550 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളാണുള്ളതെന്നും ഓരോ ദിവസവും 100-200 ദശലക്ഷം പോസ്റ്റുകൾ സൃഷ്ടിക്കപ്പെടുന്നുവെന്നും ആശയവിനിമയത്തിനിടെ മസ്‌ക് പറഞ്ഞു.
നിലവിൽ പണമടച്ചുള്ള എത്ര പ്രീമിയം വരിക്കാരുണ്ടെന്ന് മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല.