ന്യൂദല്‍ഹി - കാനഡയ്‌ക്കെതിരെയുള്ള നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യ-കാനഡ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാന്‍ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്. ജി 7 രാജ്യങ്ങള്‍ വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. തര്‍ക്കം മുറുകുന്നതിനിടെ കാനഡയില്‍ കഴിയുന്നവരടക്കം ഖലിസ്ഥാന്‍വാദികള്‍ക്കെതിരായ നടപടികള്‍ എന്‍ ഐ എ വേഗത്തിലാക്കി. വിവിധ കേസുകളില്‍ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാന്‍ നേതാക്കളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് ഖലിസ്ഥാന്‍ നേതാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പത്തു ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക.