ചെന്നൈ- സനാതന വിവാദത്തിന് തിരികൊളുത്തി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ബുധനാഴ്ച വീണ്ടും. നിരവധി ഹിന്ദി അഭിനേതാക്കളെ ക്ഷണിച്ചപ്പോൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ക്ഷണിക്കാതിരുന്നത് മുർമു ആദിവാസിയും വിധവയുമായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെയാണ് ഞങ്ങൾ സനാതന ധർമ്മമെന്ന് വിളിക്കുന്നതെന്നും ഉദയനിധി പറഞ്ഞു.
സനാതന ധർമ്മത്തെ ഡെങ്കിപ്പനിയും മലേറിയയുമായി താരതമ്യംചെയ്ത ഉദയനിധി നേരത്തെ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ബി.ജെ.പിയും സംഘ്പരിവാറും വിവാദം ഏറ്റുപിടിച്ചപ്പോൾ പ്രതിപക്ഷമായ ഇന്ത്യാ സംഘം സനാതന ധർമ വിവാദത്തിൽ നിന്ന് അകന്നുനിൽക്കുകയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഡിഎംകെ അംഗങ്ങളോട് തർക്കത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉദയനിധി വീണ്ടും സനാതന ധർമം സാമൂഹിക നീതിക്കും സമത്വത്തിനുമെതിരാണെന്ന വാദം ആവർത്തിച്ചത്.
വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കവെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ദ്രൗപതി മുർമു ഇല്ലാതിരുന്ന കാര്യം രാഹുൽ ഗാന്ധിയും ഉന്നയിച്ചിരുന്നു. പാർലമെന്റിന്റെ പ്രവർത്തനം പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനു പിന്നാലെ നിരവധി അഭിനേതാക്കൾ പുതിയ പാർലമെന്റ് മന്ദിരം സന്ദർശിച്ചു.