മാതൃഭാവത്തിന്റെ പുതിയ മുഖമാണ് സ്മിനു സിജോ. കവിയൂർ പൊന്നമ്മയും കെ.പി.എ.സി ലളിതയുമെല്ലാം അവശേഷിപ്പിച്ചുപോയ മാതൃസങ്കൽപങ്ങൾക്ക് പുതിയ മാനം നൽകുകയാണ് ഈ അഭിനേത്രി. റോഷൻ ആൻഡ്രൂസിന്റെ സ്‌കൂൾ ബസിൽ ഒരു ചെറിയ വേഷത്തിൽ തുടങ്ങിയ അഭിനയ യാത്ര. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശനിൽ ശ്രീനിവാസന്റെ ഭാര്യ വേഷത്തോടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ സ്ലീവാച്ചന്റെ സഹോദരിയായ അന്നേച്ചിയായി അഭിനയിച്ചതോടെ സ്മിനുവിന് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. അമ്മയായും ചേച്ചിയായുമെല്ലാം വെള്ളിത്തിരയിൽ ആടിത്തീർക്കുകയാണ് ഈ കോട്ടയംകാരി. ചങ്ങനാശ്ശേരിക്കാരിക്കടുത്ത തൃക്കൊടിത്താനത്ത് ദേവസ്യ ജോസഫിന്റെയും ലാലിയമ്മയുടെയും മകൾ ഇന്ന് തിരക്കിന്റെ ലോകത്താണ്. നാടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കുടിയേറിയ സ്മിനു തന്റെ അഭിനയ യാത്രയെക്കുറിച്ച് മനസ്സ് തുറക്കുന്നു.
?കായിക ലോകത്തു നിന്നും സിനിമയിലെത്തിയത്.
പായിപ്പാട് സെന്റ് ജോസഫ് സ്‌കൂളിലെ പഠന കാലത്താണ് സ്‌പോർട്‌സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങുന്നത്. സംസ്ഥാന ഹാൻഡ് ബാൾ ടീമിൽ അംഗമായിരുന്നു. കൂടാതെ ജാവലിൻ ത്രോയിലും ഷോട്ട് പുട്ടിലുമൊക്കെ പങ്കെടുത്തിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജമ്മു കശ്മീരിലും പഞ്ചാബിലും മധ്യപ്രദേശിലും ഭിലായിലുമെല്ലാം മത്സരങ്ങൾക്കു പോയിട്ടുണ്ട്. നാലു വർഷം കേരള ജൂനിയർ ഹാൻഡ് ബോൾ ടീമിൽ അംഗമായിരുന്നു. തികച്ചും അവിചാരിതമായാണ് സിനിമയിലെത്തുന്നത്. കൂട്ടുകാരി ഷാന്റിയാണ് അവസരം ഒരുക്കിയത്. റോഷൻ ആൻഡ്രൂസ് സാറിന്റെ സ്‌കൂൾ ബസ് എന്ന ചിത്രത്തിലേക്ക് ഒരു വേഷമുണ്ടെന്നറിഞ്ഞ് ഷാന്റി എന്റെ ഫോട്ടോ സഹസംവിധായകനായ ആന്റണി സോണിക്ക് നൽകുകയായിരുന്നു. സംഭവമറിഞ്ഞപ്പോൾ ഞാൻ സിനിമയിലേക്കില്ലെന്ന് തീർത്തു പറഞ്ഞെങ്കിലും ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി ഭർത്താവിനൊപ്പം റോഷൻ സാറിനെ കാണാൻ പോവുകയായിരുന്നു. അദ്ദേഹം ഓകെ പറഞ്ഞപ്പോൾ ഒരു ധൈര്യത്തിന് പോയങ്ങ് അഭിനയിച്ചു. അതായിരുന്നു തുടക്കം.
?കെട്ട്യോളാണെന്റെ മാലാഖ.
ജീവിതത്തിൽ ഒരു ടേണിംഗ് പോയന്റായിരുന്നു ആ വേഷം. ചിത്രത്തിലെ പോലെ എന്റെ വീട്ടിലും മൂന്നു പെണ്ണും ഒരാണുമാണ്. ഞാനായിരുന്നു മൂത്തത്. പപ്പക്ക് അടുത്തടുത്ത് രണ്ട് അറ്റാക്ക് വന്നതോടെ എന്നെ നേരത്തെ കെട്ടിച്ചുവിട്ടു. അധികം വൈകാതെ പപ്പ മരിക്കുകയും ചെയ്തു. ഒറ്റക്കൊമ്പൻ എന്ന ചിത്രം സംവിധാനം ചെയ്ത മാത്യൂസ് തോമസ് വഴിയാണ് കെട്ട്യോളാണെന്റെ മാലാഖയിലെത്തിയത്. ചിത്രത്തിലെ അന്നേച്ചിയുടെ വേഷം ആരും മറക്കാനിടയില്ല. എന്റെ സഹോദരനോട് ഇടപെടുന്ന രീതിയിൽ തന്നെയാണ് ഞാൻ ആസിഫിനോട് ഇടപഴകിയത്. നാത്തൂനോട് ഞാൻ പറയുന്ന ഡയലോഗുകൾ ഈ ചിത്രത്തിലുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ ചിത്രത്തിൽ എനിക്ക് പെർഫോം ചെയ്യേണ്ടി വന്നിട്ടില്ല. ജീവിച്ചു കാണിക്കുകയായിരുന്നു. സെറ്റിൽ എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു. എല്ലാവരുടെയും സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ബലത്തിലാണ് ആ കഥാപാത്രത്തെ ഭംഗിയാക്കിയത്.
?മനസ്സിനിണങ്ങിയ വേഷങ്ങൾ.
അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടവയായിരുന്നു. ഓപറേഷൻ ജാവയിൽ ബാലു വർഗീസ് അവതരിപ്പിച്ച ആന്റണി ജോർജിന്റെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഒരു സാധാരണ മലയാളി വീട്ടമ്മയുടെ വേഷമായിരുന്നു അത്. തഗ് പറയുന്ന അമ്മച്ചിയെന്നാണ് പലരും വിളിച്ചത്. വേഷത്തിന്റെ വലിപ്പച്ചെറുപ്പമല്ല, സംവിധായകൻ ആരാണെന്നാണ് നോക്കുന്നത്. ഒരിക്കലും ഞാൻ അഭിനയിക്കുകയായിരുന്നില്ല. എന്റെ വീട്ടിലും നാട്ടിലുമെല്ലാം പെരുമാറുന്നത് പോലെ ക്യാമറക്കു മുന്നിലും ചെയ്യുന്നു എന്ന് മാത്രം. സെറ്റിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുക. അതോടെ സ്വാഭാവികമായി പെരുമാറാൻ എനിക്കു കഴിയുന്നു. രവി കെ. ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമത്തിലെ വേഷം ഇപ്പോഴും മനസ്സിലുണ്ട്. ലോട്ടറി വിൽപനക്കാരിയായ മാർത്തയുടെ വേഷം ശരിക്കുമൊരു ചലഞ്ചായിരുന്നു. അന്ധാദുൻ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ആ ചിത്രം. നായാട്ടിലെ ജോജു ജോർജിന്റെ ഭാര്യ വേഷം, സൗദി വെള്ളക്കയിലെ ഹെഡ്മിസ്ട്രസ്, ജാനകി ജാനേയിലെ കുശുമ്പ് അമ്മായിയായ സത്യഭാമ... തുടങ്ങിയവയെല്ലാം ഇഷ്ടപ്പെട്ട വേഷങ്ങളായിരുന്നു.
?ജോ ആന്റ് ജോ
എന്റെ ജീവിതവുമായി ഏറെ അടുപ്പം പുലർത്തിയ വേഷമായിരുന്നു അത്. മാത്യൂസിന്റെയും നിഖിലയുടെയും അമ്മ വേഷം. കായിക താരമായിരുന്നിട്ടും അടുക്കളയിൽ ഒതുങ്ങിപ്പോയ കഥാപാത്രമായിരുന്നു ചിത്രത്തിലെ ലില്ലിക്കുട്ടിയുടേത്. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു ആ കഥാപാത്രം. ചില സമയങ്ങളിൽ ഇത് ഞാൻ തന്നെയല്ലേ എന്നു തോന്നിയിട്ടുണ്ട്. വളരെ സീരിയസായാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.
?അഭിനയ രീതി
ചില സിനിമകൾ കാണുമ്പോൾ ആ വേഷം ഞാൻ ചെയ്തിരുന്നെങ്കിലോ എന്നു ചിലർ പറയാറില്ലേ. അത്തരം ചിന്തയൊന്നും എന്ന അലട്ടാറില്ല. എഴുത്തുകാരും സംവിധായകരും ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തുമ്പോൾ ചിലരെ മനസ്സിൽ കണ്ടാണ് ചെയ്യുന്നത്. അത്തരം കഥാപാത്രങ്ങൾ അവരെ തേടിപ്പോകുമ്പോൾ നമുക്കുള്ളത് നമുക്കു ലഭിക്കും എന്ന വിശ്വാസമാണ് പുലർത്തുന്നത്. ഏതു വേഷമാണെങ്കിലും ചിലപ്പോൾ ഒരു സീനായാലും മതി, എന്തെങ്കിലും ചെയ്യാനുള്ളതാവണം. എല്ലാവരും ശ്രദ്ധിക്കുന്ന സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കണമെന്നാണ് എപ്പോഴും ആഗ്രഹിക്കാറ്.
?പുതിയ ചിത്രങ്ങൾ
വോയ്‌സ് ഓഫ് സത്യനാഥനാണ് ഒടുവിൽ പുറത്തിറങ്ങിയത്. സിദ്ദീഖ് സാറിന്റെ ഭാര്യ വേഷത്തിൽ. മാർത്താണ്ഡന്റെ മഹാറാണി, ആൻസൻ പോളിന്റെ അമ്മയായി വേഷമിടുന്ന റാഹേൽ മകൻ കോര, വിനയ് ഫോർട്ടിന്റെ വാതിൽ, ശേഷം മൈക്കിൽ ഫാത്തിമ, നാദിർഷായുടെ സംഭവം നടന്ന രാത്രിയിൽ, കമലിന്റെ വിവേകാനന്ദൻ വൈറലാണ്... തുടങ്ങിയവയാ ണ് പുറത്തിറങ്ങാനിരിക്കുന്നത്.
?ഇനിയും അഭിനയിക്കണമെന്ന് തോന്നിയ കഥാപാത്രങ്ങൾ.
നാടൻ വേഷങ്ങളാണ് അഭിനയിച്ചവയിലേറെയും. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ കഴിഞ്ഞത്. വെറുപ്പു തോന്നുന്ന വേഷങ്ങൾ അവതരിപ്പിച്ചിട്ടില്ല. നാടൻ വേഷങ്ങളാകുമ്പോൾ നമ്മുടെ ജീവിതവുമായി ഏറെ അടുപ്പമുണ്ടെന്നു തോന്നും. ലാലേട്ടനൊപ്പവും മമ്മൂക്കക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞു. ആസിഫ് അലിയുടെ ചേച്ചിയായും വേഷമിട്ടു. ദുൽഖറിനൊപ്പവും ടൊവിനോക്ക് ഒപ്പവും അഭിനയിക്കണമെന്നുണ്ട്. ആ മോഹവും വൈകാതെ സാധിക്കുമെന്നാണ് പ്രതീക്ഷ.
?കുടുംബ പശ്ചാത്തലം
ഭർത്താവ് സിജോക്ക് ബിസിനസാണ്. മകൻ സിബിൻ ബി.കോമും എം.ബി.എയും പാസായി. മകൾ സാന്ദ്ര ബി.എസ്‌സി ബയോടെക്‌നോളജി കഴിഞ്ഞു നിൽക്കുന്നു. കുടുംബത്തിന്റെ പിന്തുണയാണ് എന്റെ കരുത്ത്. അതില്ലായിരുന്നെങ്കിൽ ഇവിടെവരെയെത്താൻ കഴിയുമായിരുന്നില്ല.