ബന്ധം തകര്‍ന്നതിന്റെ പേരില്‍ വിവാഹ മോചനം പാടില്ലെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി- പതിനൊന്നു വര്‍ഷം വേറിട്ട് താമസിച്ചതും ബന്ധം ഇനി പുനസ്ഥാപിക്കാനാവില്ലെന്ന നിഗമനവും വിവാഹ മോചനം അനുവദിക്കാന്‍ അടിസ്ഥാനമാക്കരുതെന്ന് ദല്‍ഹി ഹൈക്കോടത്.
1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം തേടുന്നതിന് ദാമ്പത്യത്തിന്റെ വീണ്ടെടുക്കാനാകാത്ത തകര്‍ച്ച കാരണമല്ലെന്ന് വ്യക്തമാക്കിയാണ് കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
ക്രൂരതയുടെയും ദാമ്പത്യ അവകാശങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടത്തിന്റെയും അടിസ്ഥാനത്തിലാണ് ഭര്‍ത്താവിന്റെ വിവാഹമോചന ഹരജി അനുവദിച്ചു.

വിവാഹമോചനക്കേസുകള്‍ പരിഗണിക്കുമ്പോള്‍ കുടുംബകോടതികള്‍ നിയമപരമായ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് സച്‌ദേവ, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഈയിടെ വന്ന സുപ്രീം കോടതി വിധിയും കോടതി പരാമര്‍ശിച്ചു. തിരിച്ചെടുക്കാനാവാത്ത ദാമ്പത്യ തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കാനുള്ള അധികാരം  ഭരണഘടനയുടെ 142ാം അനുച്ഛേദം പ്രകാരം സുപ്രീം കോടതിയില്‍ നിക്ഷിപ്തമാണ്. ഇരു കക്ഷികള്‍ക്കും നീതി ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണ്.

കുടുംബ കോടതികള്‍ വിവാഹമോചനം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍  നിയമപ്രകാരമുള്ള കര്‍ശന വ്യവസ്ഥകളില്‍ ് പരിമിതപ്പെടുത്തണം. തിരിച്ചെടുക്കാനാവാത്ത വിവാഹ തകര്‍ച്ച നിയമത്തില്‍ ഒരു അടിസ്ഥാനമല്ല.

11 വര്‍ഷത്തിലേറെയായി കക്ഷികള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നതിനാല്‍ വിവാഹം പുനഃസ്ഥാപിക്കാനാവാത്തവിധം തകര്‍ന്നതായി കുടുംബകോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി ഈ വിധിയില്‍ പിഴവുകള്‍ കണ്ടെത്തി.

ആരോപിക്കപ്പെടുന്ന ക്രൂരത തെളിയിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടുവെന്നും ദാമ്പത്യബന്ധം നിഷേധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനം അനുവദിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇത്തരം കാരണങ്ങളൊന്നും ഭര്‍ത്താവിന് ബാധകമല്ലെന്നും ദാമ്പത്യബന്ധം നിഷേധിച്ചുവെന്ന ആരോപണത്തിന് പ്രത്യേക തെളിവുകളില്ലെന്നും  കോടതി ചൂണ്ടിക്കാട്ടി.
കക്ഷികളുടെ ദീര്‍ഘകാല വേര്‍പിരിയല്‍ മാത്രമാണ് വിവാഹമോചനത്തിനുള്ള അടിസ്ഥാനമായി കുടുംബകോടതി പരിഗണിച്ചതെന്നും അത്  അധികാരപരിധിയില്‍ ഇല്ലാത്തതാണെന്നും ഹൈക്കോടതി പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം വിവേചനാധികാരം വിനിയോഗിക്കുമ്പോള്‍ സുപ്രീം കോടതി പോലും വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കാറുണ്ടെന്നും വേര്‍പിരിയലിന്റെ കാലാവധി അവയിലൊന്ന് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിനാല്‍, ക്രൂരതയുടെയും ദാമ്പത്യ തകര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വിധിച്ചു.

 

Latest News