ന്യൂഡൽഹി - ഇന്ത്യൻ ഭരണഘടനയിൽ ഗുരുതര കൈക്കടത്തലുമായി നരേന്ദ്ര മോഡി സർക്കാർ. ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയതിന് പിന്നാലെ അംഗങ്ങൾക്ക് വിതരണംചെയ്ത ഭരണഘടനയുടെ പകർപ്പുകളിൽ 'മതേതരത്വം, സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾ നീക്കം ചെയ്തതായി കോൺഗ്രസ് ലോകസഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
ഭരണഘടനയുടെ ആമുഖത്തിലെ 'സോഷ്യലിസ്റ്റ് സെക്യുലർ' എന്ന പദമാണ് ഒഴിവാക്കിയിത്. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്. കൗശലപൂർവ്വം കേന്ദ്രർക്കാർ 'സോഷ്യലിസ്റ്റ് സെക്യുലർ' എന്നത് ഒഴിവാക്കിയെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ലെന്നും അദ്ദേഹം ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ ആരോപണം തള്ളി നടപടിയെ ന്യായീകരിക്കുകയാണ് കേന്ദ്രവും ബി.ജെ.പി നേതാക്കളും. 'ഭരണഘടന രൂപീകരിച്ചപ്പോൾ ഇതുപോലെയായിരുന്നുവെന്നും പിന്നീട് 42-ാം ഭേദഗതിയോടെയാണ് മാറ്റം വന്നതെന്നും അതിന്റെ യഥാർത്ഥ കോപ്പികൾ ഉണ്ടെന്നുമാണ്' കോൺഗ്രസ് ആരോപണത്തോട് ബി.ജെ.പി നേതാവും പാർല്ലമെന്ററികാര്യ മന്ത്രിയുമായ പ്രഹ്ലാദ് ജോഷി പ്രതികരിച്ചത്.
ബി.ജെ.പി നേരത്തെ തന്നെ സോഷ്യലിസ്റ്റ്, സെക്യുലർ എന്ന വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉയർത്തിയിരുന്നു. ഇന്ത്യയെന്ന ആശയത്തിൽതന്നെ മതേതരത്വം ഉൾക്കൊള്ളുന്നതിനാൽ പ്രത്യേകമായി ചേർക്കേണ്ടതില്ലെന്നുമായിരുന്നു അവരുടെ വാദം.
പ്രധാനമന്ത്രിയും ഭരണപക്ഷത്തെ മന്ത്രിമാരും വളരെ കുറച്ച് നേതാക്കൾക്കുമാണ് ഇന്നലെ വിതരണം ചെയ്ത പുതിയ ഭരണഘടന പതിപ്പുകൾ നൽകിയിരുന്നത്. എന്നാൽ, ഇന്ന് പ്രത്യേക പാർല്ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംദിനത്തിൽ പകർപ്പ് എല്ലാ എം.പിമാർക്കും വിതരണം ചെയ്തതായാണ് വിവരം. 1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് 'മതേതരത്വം' എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ ഭരണഘടയുടെ ആണിക്കല്ലുകളിൽ ഒന്നായ മതനിരപേക്ഷതയും ജനാധിപത്യവുമെല്ലാം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ബോധപൂർവ്വ നീക്കങ്ങൾ നടത്തുന്നതിനിടെ അതി ഗുരുതരമായ കൈക്രിയകളാണിപ്പോൾ ഭരണഘടനാ പകർപ്പുകളിൽ ഉണ്ടായിരിക്കുന്നത്. ഇതിനെതിരേ പ്രതിപക്ഷ പാർട്ടികൾ വളരെ ശക്തമായ ഇടപെടൽ നടത്തുമെന്നാണ് കരുതുന്നത്.