തൃശൂര്‍- കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് തുകയും ജയിലര്‍ സിനിമയുടെ കളക്ഷന്‍ റെക്കാഡും ചേര്‍ത്തുവച്ചായിരുന്നു അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്. 'ജയിലര്‍ സിനിമ 600 കോടി ക്‌ളബ്ബില്‍, തൊട്ടുപിന്നിലായി കരുവന്നൂര്‍ ബാങ്കും 500 കോടി ക്‌ളബ്ബില്‍'- എന്നായിരുന്നു കൃഷ്ണകുമാര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്. കേസിലെ മുഖ്യപ്രതിയായ സതീഷ് 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇ ഡി വെളിപ്പെടുത്തല്‍. പിന്നാലെയാണ് നടന്‍ വിഷയം സമൂഹമാദ്ധ്യമത്തിലൂടെ അവതരിപ്പിച്ചത്. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ സി.പി.എം ഭരണത്തിലുള്ള രണ്ട് സഹകരണ ബാങ്കുകളില്‍ ഇ.ഡി ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കേരളബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍ അദ്ധ്യക്ഷനായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പത്തംഗ ഇ.ഡി സംഘം സായുധ സേനാംഗങ്ങളുടെ അകമ്പടിയോടെ റെയ്ഡ് നടത്തിയത്. ഇതിനൊപ്പം മൂന്ന് ആധാരമെഴുത്ത് ഓഫീസ്, ഒരു ജുവലറി, കരുവന്നൂര്‍ കള്ളപ്പണക്കേസിലെ മുഖ്യപ്രതി വെളപ്പായ സതീശന്റെ ബിനാമികളായ അനില്‍കുമാര്‍, മറ്റൊരാള്‍ എന്നിവരുടെ വീടുകള്‍, കൊച്ചിയില്‍ ബിസിനസുകാരനായ ദീപക്കിന്റെ ഓഫീസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഒന്‍പതിടത്തെ റെയ്ഡിന്റെയും വിവരം സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നില്ല.