ബെംഗളൂരു - കര്‍ണാടകയിലെ ബംഗളൂരു റൂറല്‍ ജില്ലയിലെ കോഴി ഫാമില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു കുടുംബത്തിലെ നാലുപേരെ ഒറ്റമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലെ സരികി (60), ലക്ഷ്മി സരികി (50), ഉഷ സരികി (40), പൂള്‍ സരികി (16) എന്നിവരാണ് കൊല്ലപ്പെട്ടത്.
പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍ ജില്ലയില്‍ നിന്നുള്ള കുടുംബം കഴിഞ്ഞ 10 ദിവസമായി ദൊഡ്ഡബല്ലാപ്പൂര്‍ താലൂക്കിലെ ദൊഡ്ഡബെലവംഗലക്ക് സമീപമുള്ള ഹൊലെയറഹള്ളിയിലെ ഒരു കോഴി ഫാമില്‍ ജോലി ചെയ്തുവരികയായിരുന്നു.
ശ്വാസംമുട്ടിയാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പോലീസ് കാത്തിരിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ സമീപ ഗ്രാമത്തില്‍ ജോലി ചെയ്യുന്ന കാലെയുടെ മകള്‍ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അവരുടെ കോളുകളോട് കുടുംബാംഗങ്ങളാരും പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കോഴി ഫാമിലെത്തിയ അവര്‍ വീടിന്റെ അടച്ചിട്ട ജനാലകളില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായി പറയുന്നു.