ആദിത്യ ബിർള ഗ്രൂപ്പ് പെയിന്റ് ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ് കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ പെയിന്റ് ബിസിനസിന്റെ ബ്രാൻഡ് നെയിം 'ബിർള ഓപസ്' എന്നാണെന്ന് പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ബിർള ഓപസിന്റെ വിപണി അവതരണം ഉണ്ടാകും. ഡെക്കറേറ്റീവ് പെയിന്റ്‌സ് വിഭാഗത്തിൽ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളുടെ മുഴുവൻ ശ്രേണിയും ബിർള ഓപസ് ലഭ്യമാക്കും.
പെയിന്റ് ബിസിനസ് ആരംഭിക്കുന്നതിന് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗ്രാസിം നേരത്തെ അറിയിച്ചിരുന്നു. ഹരിയാന, പഞ്ചാബ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന കമ്പനിയുടെ അത്യാധുനിക നിർമാണ പ്ലാന്റുകൾക്ക് പ്രതിവർഷം 1332 ദശലക്ഷം ലിറ്റർ ശേഷിയുണ്ടാകും. 70,000 കോടി രൂപയാണ് ഇന്ത്യയുടെ ഡെക്കറേറ്റീവ് പെയിന്റ് വ്യവസായത്തിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം.