- കേരളത്തിലായാലും ദേശീയ തലത്തിലായാലും ബി.ജെ.പിയെ തോൽപ്പിക്കുകയാണ് പ്രധാനമെന്ന് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം എം.പി. 'ഇന്ത്യ' മുന്നണിയുടെ ഏകോപനസമിതിയിൽ അംഗമാകില്ലെന്ന സി.പി.എം നിലപാട് സഖ്യത്തെ ദുർബലപ്പെടുത്തില്ലെന്നും സി.പി.ഐ.
ന്യൂഡൽഹി - എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള മോഡി സർക്കാറിനെ താഴെ ഇറക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിൽ തെളിച്ചമുള്ള നിലപാടുമായി സി.പി.ഐ രംഗത്ത്. ഇന്ത്യ സഖ്യത്തിന്റെ ഏകോപനസമിതിയിൽ അംഗമാകില്ലെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനത്തിന് പിന്നാലെ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പിയാണ് പാർട്ടിയുടെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്.
സി.പി.ഐ ദേശീയ ജനറൽസെക്രട്ടറി ഡി രാജ അടക്കമുള്ളവർ ഇന്ത്യ സഖ്യത്തിന്റെ വിവിധ കൂട്ടായ്മകളിൽ പങ്കെടുത്തതും ഏകോപനസമിതിയിൽ അംഗമായതും വിവിധ സബ് കമ്മിറ്റികളിൽ പങ്കാളികളായതുമെല്ലാം പാർട്ടി വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. അതിൽ യാതൊരു തെറ്റുമില്ല. അതിന്റെ പ്രവർത്തനങ്ങൾ വളരെ ശക്തമായി തുടരുക തന്നെചെയ്യും. 'ഇന്ത്യ' മുന്നണിയുടെ ഏകോപനസമിതിയിൽ അംഗമാകില്ലെന്ന സി.പി.എം നിലപാട് ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തില്ല, ദുർബലപ്പെടുത്തുമെന്നത് വ്യാഖ്യാനം മാത്രമാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി വ്യക്തമാക്കി.
ബി.ജെ.പിയെ തറപറ്റിക്കാൻ മതനിരപേക്ഷ കക്ഷികളുടെ വിശാല കൂട്ടായ്മ വേണമെന്നതിൽ സംശയമില്ല. ആ പോരാട്ടമാണ് 'ഇന്ത്യ' സഖ്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ മോഡിയും കൂട്ടരും അസ്വസ്ഥരാണ്. കോൺഗ്രസുമായി വേദി പങ്കിട്ടാൽ എൽ.ഡി.എഫിന്റെ രാഷ്ട്രീയ പോരാട്ടം ദുർബലപ്പെടുമെന്ന് സി.പി.ഐ കരുതുന്നില്ല. കേരളത്തിലായാലും ദേശീയ തലത്തിലായാലും ബി.ജെ.പിയെ തോൽപ്പിക്കുകയാണ് പ്രധാനം. 'ഇന്ത്യ' സഖ്യം രൂപീകരിച്ച എല്ലാ സമിതികളിലും സി.പി.ഐ തുടരും. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സമിതികളിൽ അംഗമായതുകൊണ്ടോ അവർ പങ്കെടുക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതുകൊണ്ടോ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമാകില്ല. എല്ലാവർക്കും അവരവരുടേതായ നിലപാടുകൾ ഉണ്ടാവും. രാഷ്ട്രത്തിനും ജനസമൂഹത്തിനും ഭീഷണിയായ ബി.ജെ.പി അജണ്ടകൾക്കെതിരെ മതനിരപേക്ഷ കക്ഷികളുടെ യോജിച്ച പോർമുഖം തുറക്കുകയാണ് ഇന്ത്യ സഖ്യമെന്നും അതിന് കൂടുതൽ കരുത്തു പകരുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
ഇന്നലെ ഡൽഹിയിൽ സമാപിച്ച രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗമാണ് 'ഇന്ത്യ' സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമാവേണ്ടതില്ലെന്ന് തീരുമാനിച്ചത്. കോൺഗ്രസിന്റെ കെ.സി വേണുഗോപാൽ ഉൾപ്പെടുന്ന ഏകോപന സമിതിയിൽ സി.പി.എം പ്രതിനിധി അംഗമാകുന്നതിനെ കേരളത്തിൽനിന്നുള്ള അംഗങ്ങൾ പി.ബിയിൽ എതിർക്കുകയായിരുന്നു. ഒപ്പം കോൺഗ്രസുമായി ചേർന്നുള്ള ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങൾ കേരളത്തിലെ പിണറായി സർക്കാറിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്നും വിമർശമുണ്ടായി.
എന്നാൽ, ഈ നിലപാടിനോട് പാർട്ടി ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർക്ക് ശക്തമായ വിയോജിപ്പുണ്ടെങ്കിലും പി.ബിയിൽ കേരള നിലപാടിനായിരുന്നു മുൻതൂക്കം ലഭിച്ചത്. ഇതേ തുടർന്നാണ് ഏകോപനസമിതിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് സി.പി.എം തീരുമാനിച്ചത്. എങ്കിലും നരേന്ദ്ര മോഡിയെ താഴെയിറക്കാനുള്ള 'ഇന്ത്യ' മുന്നണിയുടെ നീക്കങ്ങളുമായി സഹകരിക്കുമെന്നും പി.ബി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 27 മുതൽ 29 വരെ ചേരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യം അടക്കമുള്ളവ വിശദമായി വീണ്ടും ചർച്ചയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം.
അതിനിടെ, സി.പി.എം അവരുടെ തീരുമാനത്തിന് എന്തു ന്യായീകരണം പറഞ്ഞാലും 'ഇന്ത്യ' മുന്നണിയുടെ വലിയൊരു ലക്ഷ്യത്തിലേക്കുള്ള, നിർണായകമായ ചുവടിൽ സി.പി.എമ്മിന്റെ മനംമാറ്റം മതനിരപേക്ഷ ചേരിയിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. ദേശീയതലത്തിൽ സഖ്യനീക്കത്തിന് വലിയ ക്ഷീണമുണ്ടാകില്ലെങ്കിലും സി.പി.എം പോലൊരു പാർട്ടിയിൽനിന്ന് ഇത്തരമൊരു അപക്വമായ സമീപനം പ്രതീക്ഷിച്ചില്ലെന്നും ഇത് തെറ്റായ സന്ദേശമാണ് പകരുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം വോട്ടർമാരിൽ അടക്കം സി.പി.എമ്മിന് കൂടുതൽ പരുക്കുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്.