പട്‌ന- ബിഹാറില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മുട്ടോളം വെള്ളം കയറിയ നളന്ദ മെഡിക്കല്‍ കോളെജ് ആശുപത്രിയുടെ തീവ്രപരിചരണ യൂണിറ്റില്‍ നീന്തിക്കളിക്കുന്ന മീനുകളുടെ ചിത്രങ്ങളും വീഡിയോയും വൈറലായി. മെഡിസിന്‍ വകുപ്പിലെ ഐ.സി.യുവിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് രോഗികളെ സര്‍ജറി വകുപ്പിലെ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഐ.സി.യുവിനുള്ളില്‍ കയറിയ വെള്ളം പമ്പു ചെയ്തു പുറത്തു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വെള്ളത്തില്‍ മീനുകളെ കണ്ടത്. ആശുപത്രി താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാലാണ് പല വാര്‍ഡുകളും വെള്ളത്തിലായതെന്ന് സുപ്രണ്ട് പറഞ്ഞു. മീനുകള്‍ മാത്രമല്ല, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാമ്പുകളും തേളുകളും അട്ടകളുമെല്ലാം ഒഴുകിയെത്തിയിട്ടുണ്ടെന്ന് ഒരു നഴ്‌സ് പറയുന്നു.