ന്യൂദല്‍ഹി- അയ്യായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം നേരിടുന്ന മഹാദേവ് ഓണ്‍ലൈന്‍ ചൂതാട്ട ആപ്ലിക്കേഷന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ സൗരഭ് ചന്ദ്രാകര്‍ തന്റെ വിവാഹത്തിനായി 200 കോടി രൂപ ചെലവഴിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യുഎഇയില്‍ നടന്ന വിവാഹത്തിനായി നാഗ്പൂരിലുള്ള ബന്ധുക്കളെ സ്വകാര്യ വിമാനത്തിലാണ് എത്തിച്ചതെന്നും ഇഡി പറയുന്നു. 417 കോടി രൂപയും പണവും സ്വത്തുക്കളും പിടിച്ചെടുത്തതായും അന്വേഷണ ഏജന്‍സി അറിയിച്ചു.
ഈ വര്‍ഷം ആദ്യമാണ് ഇഡി കേസില്‍ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ ചന്ദ്രാകറും രവി ഉപ്പലും മഹാദേവ് ഓണ്‍ലൈന്‍ ബുക്കിന്റെ പ്രധാന പ്രമോട്ടര്‍മാരാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ നിന്നാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
'സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും യുഎഇയില്‍ ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചു. അനധികൃതവുമായ സമ്പത്ത് അവര്‍ പരസ്യമായി പ്രകടിപ്പിക്കുന്നു. 2023 ഫെബ്രുവരിയില്‍, സൗരഭ് ചന്ദ്രകര്‍ യുഎഇയിലെ റാസല്‍ ഖൈമയില്‍ വെച്ചാണ് വിവാഹിതനായത്. ഈ വിവാഹ ചടങ്ങിനായി മഹാദേവ് ആപ്ലിക്കേഷന്റെ പ്രമോട്ടര്‍മാര്‍ ഏകദേശം 200 കോടി രൂപ ചെലവഴിച്ചു. നാഗ്പൂരില്‍ നിന്ന് യുഎഇയിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കാന്‍ സ്വകാര്യ വിമാനങ്ങള്‍ വാടകയ്‌ക്കെടുത്തു- ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഇതുവരെ റായ്പൂര്‍, ഭോപ്പാല്‍, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളില്‍ ഇഡി നടത്തിയ പരിശോധനയില്‍ 417 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ചന്ദ്രാകറിനും ഉപ്പലിനും എതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള പ്രക്രിയയിലാണ് അന്വേഷണം ഏജന്‍സി. കൂടാതെ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി റായ്പൂരിലെ പ്രത്യേക പിഎംഎല്‍എ കോടതി ജാമ്യമില്ലാ വാറണ്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് പ്രവര്‍ത്തിക്കുന്നത് യുഎഇയിലാണ്. വാതുവയ്പ്പിലൂടെ ലഭിക്കുന്ന പണം മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ വലിയ തോതിലുള്ള ഹവാല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വാതുവെപ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയില്‍ വലിയ തുക പണമായി ചെലവഴിക്കുന്നുണ്ടെന്നും ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.