ന്യൂദല്‍ഹി- ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി സ്വാകാര്യ ഹനിക്കാന്‍ ഹാക്കര്‍മാരെ വെല്ലുവിളിച്ച് ഭീമാബദ്ധം പിണഞ്ഞ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ് ശര്‍മയുടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ആധാറിലെ വ്യക്തിവിവരങ്ങള്‍ ആധാര്‍ ഡാറ്റാബേസില്‍ നിന്ന് ചോര്‍ന്നതല്ലെന്ന ന്യായീകരണമുവമായി യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) രംഗത്ത്. ആധാര്‍ ഡാറ്റാബേസ് സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കുന്നു. ശര്‍മയുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍, പൂര്‍ണ വിലാസം, വാട്‌സാപ്പ് പ്രൊഫൈല്‍ ചിത്രം, പാന്‍ കാര്‍ഡ് നമ്പര്‍, ഇ-മെയില്‍ ഐഡി എന്നീ വിവരങ്ങള്‍ ഹാക്ക് ചെയ്‌തെടുത്തു എന്ന് അവകാശവാദം അപലപനീയമാണെന്നും ഇത് ലോകത്തെ ഏറ്റവും വലിയ യുനീക്ക് ഐഡന്റിറ്റി പദ്ധതിയെ കരിവാരിത്തേക്കാനുള്ള ഏതാനും പേരുടെ ശ്രമമാണെന്നും യു.ഐ.ഡി.എ.ഐ പ്രസ്താവനയില്‍ പ്രതികരിച്ചു.
ആധാര്‍ സുരക്ഷിതമാണെന്ന് ശക്തമായി വാദിക്കുന്ന ട്രായ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസമാണ് സ്വന്തം ആധാര്‍ നമ്പര്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആധാര്‍ പദ്ധതിയുടെ വിമര്‍ശകനും നേരത്തെ പലതവണ ആധാറിലെ പഴുതുകള്‍ വെളിപ്പെടുത്തുകയും ചെയ്ത ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ എലിയറ്റ് ആല്‍ഡേഴ്‌സണ്‍ ശര്‍മയുടെ വ്യക്തി വിവരങ്ങള്‍ ഹാക്ക് ചെയ്ത് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.