ന്യൂയോര്‍ക്ക്- നെവാര്‍ക്കില്‍നിന്ന് റോമിലേക്ക് പുറപ്പെട്ട യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ക്യാബിന് സമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ 28,000 അടി താഴ്ചയിലേക്ക് പതിച്ചു. വിമാനം നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കി.
ബോയിംഗ് 777 വിമാനം സെപ്റ്റംബര്‍ 13 ന് രാത്രി 8.37 നാണ് നെവാര്‍ക്കില്‍നിന്ന് പറന്നുയര്‍ന്നത്. എന്നാല്‍ റോംഫിയുമിസിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് പകരം 12.27 ന് ന്യൂജേഴ്സിയിലേക്ക് മടങ്ങിയതായി ഫ്ളൈറ്റ് ട്രാക്കര്‍ ഡാറ്റ കാണിക്കുന്നു.
വിമാനത്താവളത്തിലെത്തുന്നതിന് 10 മിനിറ്റിനുള്ളില്‍ വിമാനത്തിന്റെ ഉയരം 28,000 അടിയോളം കുറഞ്ഞതായും ഡാറ്റ സൂചിപ്പിക്കുന്നു.
'സമ്മര്‍ദ പ്രശ്നം' അനുഭവപ്പെട്ടതിനാല്‍ വിമാനം നെവാര്‍ക്കിലേക്ക് മടങ്ങിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ വക്താവ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. 270 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.