Sorry, you need to enable JavaScript to visit this website.

പിടിച്ചുമാറ്റാന്‍ ചെന്നപ്പോള്‍ വിരല്‍ കടിച്ചെടുത്തു, പ്രവാസി ഇന്ത്യക്കാരനെ ജയിലിലടച്ചു

സിംഗപ്പൂര്‍-വഴക്കിനിടെ സഹ ജോലിക്കാരന്റെ വിരല്‍ കടിച്ചു മുറിച്ച ഇന്ത്യക്കാരന് സിംഗപ്പൂരില്‍ പത്ത് മാസം തടവ്.  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ടെക്‌നീഷ്യനായ നാഗൂരാന്‍ ബാലസുബ്രഹ്മണ്യനെ (50)  പരിക്കേല്‍പ്പിച്ചതിന് 40 കാരനായ തങ്കരാസു രംഗസാമി എന്ന എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററെയാണ് ജയിലിലടച്ചത്.  കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം.പ്രതി കുറ്റം സമ്മതിച്ചിരുന്നു.
രണ്ട് ഇന്ത്യന്‍ പൗരന്മാരും ബെഡോക്കിലെ വ്യാവസായിക മേഖലയായ കാകി ബുക്കിറ്റിലെ പ്രത്യേക വിദേശ തൊഴിലാളി ഡോര്‍മിറ്ററികളിലാണ് താമസിച്ചിരുന്നത്. നഗൂരാന്റെ വിരലിന്റെ അറ്റുപോയ ഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 22 ന് ആക്രമണത്തിന് തൊട്ടുമുമ്പ് നാഗൂരാനും മറ്റൊരു നിര്‍മാണത്തൊഴിലാളി രാമമൂര്‍ത്തി അനന്തരാജും രാത്രി 10 മണിയോടെ മദ്യപിച്ചിരുന്നു. ഇവരില്‍നിന്ന് അഞ്ച് മീറ്റര്‍ അകലെ ഇരുന്ന്  മദ്യപിച്ചിരുന്ന  തങ്കരാസു ബഹളം തുടങ്ങി.
ശബ്ദം കുറയ്ക്കാന്‍ രാമമൂര്‍ത്തി ആവശ്യപ്പെട്ടപ്പോള്‍ തങ്കരാസു അടിക്കാന്‍ കൈ ഉയര്‍ത്തി  രാമമൂര്‍ത്തിയുടെ അടുത്തെത്തി. തങ്കരാസുവിനെ തല്ലിക്കൊണ്ട് രാമമൂര്‍ത്തി പ്രതികരിച്ചതോടെ ഇരുവരും തമ്മില്‍ അടപിടിയായി. ഇവരെ വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നാഗൂരന്റെ ഇടത്തെ ചൂണ്ടുവിരല്‍ പ്രതി തങ്കരാസുവിന്റെ വായിലായി.  വിരല്‍ ബലമായി കടിച്ചു പിടിച്ച പ്രതി വിടാന്‍ കൂട്ടാക്കിയില്ലെന്ന്  ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെയ് ചെങ്കാന്‍ പറഞ്ഞതായി ദി സ്‌ട്രെയിറ്റ്‌സ് ടൈംസ്  റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടുപേരും നിലത്തു വീണപ്പോഴും പ്രതി ഇരയുടെ വിരലില്‍ കടിച്ചുകൊണ്ടിരുന്നു. തങ്കരസുവിനെ വലിച്ചുമാറ്റാന്‍ രാമമൂര്‍ത്തി ശ്രമിച്ചെങ്കിലും പ്രതി വിരല്‍ വിട്ടില്ല. ഒടുവില്‍ തങ്കരാസുവില്‍ നിന്ന് മോചിതനായ നാഗൂരാനെ ഉടന്‍ തന്നെ ചാങ്ങി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വിരല്‍ ഭാഗികമായി മുറിഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന്  ശസ്ത്രക്രിയ നടത്തി.
14 ദിവസത്തെ ആശുപത്രി അവധിയാണ് ഇയാള്‍ക്ക് അനുവദിച്ചതെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
തങ്കരാസുവിനെ 10 മാസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ തടവില്‍ പാര്‍പ്പിക്കണമെന്നാണ് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കായ് ആവശ്യപ്പെട്ടത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍ എന്ന നിലയില്‍ ജോലി ചെയ്യുന്ന  നാഗൂരാന്റെ തൊഴിലിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇരയ്ക്ക് സ്ഥിരമായി അസൗകര്യമുണ്ടാകുമെന്നും പ്രോസിക്യൂട്ടര്‍  കായ് പറഞ്ഞതായി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
.

 

Latest News