ബെംഗളൂരു - സൂര്യ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ഐ.എസ്.ആർ.ഒയുടെ ആദിത്യ എൽ വൺ വിജയക്കുതിപ്പ് തുടരുന്നു. നാലാംഘട്ട ഭ്രമണപഥ മാറ്റവും വിജയിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് നാലാം ഭ്രമണപഥം ഉയർത്തിയത്. ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥം ഉയർത്തലാണ് ഇതോടെ പൂർത്തിയാക്കിയത്. ഭൂമിയിൽ നിന്ന് 256 കിലോമീറ്റർ അടുത്ത ദൂരവും 1,21,973 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. ദീർഘ വൃത്താകൃതിയിലുള്ളതാണ് പുതിയ ഭ്രമണപഥം. അടുത്ത ഘട്ടം ട്രാൻസ് ലെഗ്രാഞ്ചിയൻ പോയിന്റ് 1 ഇൻസെർഷൻ ഈമാസം 19ന് നടക്കും. ഇതോടെയാണ് ആദിത്യ എൽ വൺ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽനിന്നും പുറത്തു കടക്കുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നും സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ വൺ വിക്ഷേപിച്ചത്. ശേഷം സെപ്തംബർ 3, 5, 10 തിയ്യതികളിലായി ഘട്ടംഘട്ടമായി ഭ്രമണപഥം ഉയർത്തുകയായിരുന്നു. ഇതിലെ നാലാം ഘട്ടമാണിപ്പോൾ പൂർത്തിയായത്. ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് 1 എന്ന ബിന്ദുവരെയാണ് ആദിത്യ എൽ 1 പോടകം സഞ്ചരിക്കുക. അതായത് ഏകദേശം വെറും 1 ശതമാനംം ദൂരം മാത്രം. 125 ദിവസം സഞ്ചരിച്ചാണ് പേടകം നിശ്ചിത പോയിന്റിലെത്തുക.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് 1. ഇവിടെ നിന്നും ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർത്ഥമാണ് ഈ പേര് നല്കിയത്.
ലഗ്രാഞ്ച് പോയിന്റ് 1-ൽ നിന്ന് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും. അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങൾ, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണൽ മാസ് ഇജക്ഷൻ, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും.