ന്യുദല്‍ഹി- രാജ്യത്ത് പൗരന്മാരുടെ ഡിജിറ്റല്‍ ഡേറ്റ സുരക്ഷ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സ്വന്തം ആധാര്‍ നമ്പര്‍ പരസ്യമാക്കി തന്റെ സ്വകാര്യത ഹനിക്കാന്‍ കഴിയുമോ എന്നു ഹാക്കര്‍മാരെ വെല്ലുവിളിച്ച ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്മാന് ആര്.എസ് ശര്‍മയ്ക്കു പണി പാളി. 12 അക്ക ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി മണിക്കൂറുകള്‍ക്കള്ളില്‍ ഹാക്കര്‍മാര്‍ ശര്‍മയുടെ എല്ലാ വ്യക്തിവിവരങ്ങളും മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും പാന്‍ കാര്‍ഡ് നമ്പറും യുപിഐ ആപ്പിലെ ലോഗിന്‍ ഐഡി വരെ പൊതുജനമധ്യത്തിലെത്തിച്ചു. ശര്‍മയുടെ ജനന തീയതി, പൂര്‍ണ മേല്‍വിലാസം, സെക്രട്ടറിയുടെ മൊബൈല്‍ നമ്പര്‍ തൊട്ട് വാട്സാപ്പിലെ പ്രൊഫൈല്‍ ഇമേജ് വരെ ട്വിറ്ററിലും ഫേസ്ബുക്കിലും അങ്ങാടിപ്പാട്ടായിരിക്കുകയാണ്.
മുന്‍ ആധാര്‍ ചെയര്മാന് കൂടിയായ ആര്.എസ് ശര്‍മ ആധാര്‍ സുരക്ഷിതമാണെന്ന് ശക്തമായി വാദിക്കുന്ന ഒരാള്‍ കൂടിയാണ്. ആധാര്‍ വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ വിമര്‍ശകര്‍ക്കുള്ള മറുപടിയായാണ് തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി ശര്‍മ വെല്ലുവിളിച്ചത്. തൊട്ടു പിന്നാലെ ആധാറിലെ സുരക്ഷാ പാളിച്ചകള്‍ നിരന്തരം ചൂണ്ടിക്കാണിക്കുന്ന ഫ്രഞ്ച് ഹാക്കറും സൈബര്‍ സുരക്ഷാ വിദഗ്ധനുമായ എലിയറ്റ് ആല്‍ഡേഴ്സണാണ് ശര്‍മയുടെ വ്യക്തിഗത വിവരങ്ങള്‍ മറുപടിയായി ട്വീറ്റ് ചെയ്തത്.
എന്നാല്‍ തന്റെ വിലാസവും മൊബൈല്‍ നമ്പറും പരസ്യമാകുന്നതില്‍ സ്വകാര്യത ഹനിക്കപ്പെട്ടത് എങ്ങനെ എന്ന് ചോദ്യവുമായി ശര്‍മ രംഗത്തെത്തി. ഇതിനു മറുപടിയായി നിരവധി ഹാ്ക്കര്മാരും ഡേറ്റ സുരക്ഷാ വിദഗ്ധരും ട്വിറ്ററില്‍ രംഗത്തെത്തി. ട്രോളുകളും പ്രചരിച്ചു. ഫോണ്‍ നമ്പറുകളും വിലാസവും ജനന തീയതിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റു വ്യക്തിഗത വിവരങ്ങളും ഇന്റര്‍നെറ്റില്‍ വേഗത്തില്‍ കണ്ടെത്താമെങ്കില്‍ താങ്കള്‍ക്കു സ്വകാര്യതയില്ലെന്ന് മനസ്സിലാക്കാം. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നു വ്യക്തമാക്കി ആല്ഡേഴ്സന് നീണ്ട ചര്‍ച്ച അവസാനിപ്പിച്ചു. പ്രധാനനമന്ത്രി മോഡിക്ക് ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ അതു കൂടി പരസ്യപ്പെടുത്തൂ എന്നും ആല്‍ഡേഴ്സണ്‍ വെല്ലുവിളിച്ചിട്ടുണ്ട്.
ദുരുപയോഗ സാധ്യതയുള്ള വ്യക്തിഗത വിവരങ്ങളെല്ലാം അങ്ങാടിപ്പാട്ടായെങ്കിലും തന്റെ സ്വകാര്യതയ്ക്ക് ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ശര്‍മ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെ അപകടം ഹാക്കര്‍മാര്‍ ശര്‍മയ്ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടും ശര്‍മ കുലുങ്ങിയിട്ടില്ല.