മക്ക - നഗരത്തിലെ അല്‍അസീല ഡിസ്ട്രിക്ടില്‍ എതിര്‍ദിശയില്‍ കാറോടിച്ച ഏതാനും പേര്‍ ട്രാഫിക് പോലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങി. അല്‍അസീലയില്‍ എതിര്‍ദിശയില്‍ കാറോടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രഹസ്യ ട്രാഫിക് പോലീസ് സംഘവും ഔദ്യോഗിക ട്രാഫിക് പോലീസ് സംഘവും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തി നിയമ ലംഘകരെ വലയിലാക്കിയത്. ഇവര്‍ക്ക് നിയമാനുസൃത പിഴ ചുമത്തി. ട്രാഫിക് നിയമം അനുസരിച്ച് എതിര്‍ദിശയില്‍ കാറോടിക്കുന്നതിന് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ പിഴ ലഭിക്കും.
മറ്റൊരു സംഭവത്തില്‍, അല്‍ബാഹയില്‍ മെയിന്‍ റോഡില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധം, ഔദ്യോഗിക വാഹനങ്ങളിലെതിനു സദൃശമായ സജ്ജീകരണങ്ങള്‍ സ്ഥാപിച്ച വാഹനം ഉപയോഗിച്ചാണ് യുവാവ് വാഹനാഭ്യാസ പ്രകടനം നടത്തിയത്. ഗതാഗത നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ നിയമ ലംഘകനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി അല്‍ബാഹ ട്രാഫിക് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)