മുംബൈ- ഐഎസ് പൂനെ മൊഡ്യൂൾ കേസിലെ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. മുഹമ്മദ് ഷാനവാസ് ആലം എന്ന അബ്ദുല്ല, റിസ് വാൻ അബ്ദുൽ ഹാജി അലി, അബ്ദുല്ല ഫയാസ് ഷെയ്ഖ് എന്ന ഡയപ്പർവാല, തല്ഹ ലിയാക്കത്ത് ഖാൻ എന്നിവരെയാണ് എൻ.ഐ.എ അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കേസിൽ അന്വേഷണം നടത്തുന്ന എൻഐഎ അറിയിച്ചു.
മഹാരാഷ്ട്രയിലെ പൂനെയിൽ ഭീകര സംഘടനയായ ഐഎസിന്റെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം ആരോപിച്ച് ചിലരെ എൻഐഎ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ പല കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാനുള്ള നിരോധിത ഭീകര സംഘടനയുടെ ഗൂഢാലോചന തുറന്നുകാട്ടുന്ന നിരവധി കുറ്റകരമായ വസ്തുക്കൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു.
കേസിൽ ഷാമിൽ സാക്വിബ് നാച്ചനെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തതായും താനെ ജില്ലയിലെ ഇയാളുടെ വസതിയിൽ നിന്ന് കുറ്റകരമായ വസ്തുക്കൾ പിടിച്ചെടുത്തതായും രാജ്യത്ത് ഭീകരത പടർത്താനും കുഴപ്പമുണ്ടാക്കാനുമുള്ള ഇയാളുടേയും മറ്റ് പ്രതികളുടെയും ഗൂഢാലോചന പുറത്തുകൊണ്ടുവന്നതായും എൻ.ഐ.എ അവകാശപ്പെട്ടു.
അറസ്‌റ്റിലായ അഞ്ച് പ്രതികളായ സുൽഫിക്കർ അലി ബറോഡാവാല, മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനുസ് സാക്കി, സിമാബ് നസിറുദ്ദീൻ കാസി, അബ്ദുൾ കാദിർ പത്താൻ എന്നിവരോടൊപ്പം നാച്ചൻ അക്രമം അഴിച്ചുവിടാനുള്ള വലിയ ഗൂഢാലോചന നടത്തിയതായും ഏജൻസി അറിയിച്ചു.
പ്രതികളെല്ലാം ഐഎസിന്റെ സ്ലീപ്പർ മോഡ്യൂളിലെ അംഗങ്ങളാണെന്ന് എൻഐഎ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണമനുസരിച്ച്, നച്ചനും മറ്റ് പ്രതികളും പൂനെയിലെ ഒരു വീട്ടിൽ ഐഇഡികൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ വർഷം ബോംബ് തയാറാക്കുന്ന പരിശീലനം നടത്തിയിരുന്നുവെന്നും അന്വേഷണ ഏജൻസി പറയുന്നു.