സ്റ്റോക്‌ഹോം- രാജ്യത്തെ ആയിരക്കണക്കിന് ഭിന്നശേഷിക്കാരോട് മാപ്പിരന്ന് ഡാനിഷ് സര്‍ക്കാര്‍. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പതിറ്റാണ്ടുകളായി ഇവര്‍ നരകയാതന അനുഭവിക്കുകയായിരുന്നു. പലരേയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി. നൂറുകണക്കിനാളുകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായി. 1930കള്‍ മുതല്‍ നിലനിന്ന ക്രൂരമായ വിവേചനത്തിനാണ് സര്‍ക്കാര്‍ മാപ്പിരക്കുന്നത്.
1933 മുതല്‍ 1980 വരെയുള്ള കാലയളവില്‍, അന്ധത, അപസ്മാരം, ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങള്‍ എന്നിവയുള്ള 15,000 ത്തോളം കുട്ടികളും മുതിര്‍ന്നവരേയുമാണ് സര്‍ക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിച്ചത്. സാമൂഹിക സംരക്ഷണമെന്ന അവകാശവാദത്തിനിടെ ഇത്തരം കേന്ദ്രങ്ങളില്‍ ഇവര്‍ ക്രൂരപീഡനങ്ങള്‍ക്കിരയാവുകയായിരുന്നുവെന്ന് അവരുടെ കേസുകള്‍ പഠിച്ച ഗവേഷകര്‍ പറയുന്നു.
ഡാനിഷ് നിയമം 1929 മുതല്‍ 1967 വരെ മാനസികരോഗികള്‍ക്ക് വന്ധ്യംകരണം ഏര്‍പ്പെടുത്തി. 1989 വരെ അവര്‍ക്ക് വിവാഹം കഴിക്കാന്‍ അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടിയിരുന്നു.
2020 ല്‍ മുന്‍ ഡാനിഷ് സര്‍ക്കാര്‍ ഉത്തരവിട്ട അന്വേഷണത്തില്‍ അക്രമം, മാനസികവും ലൈംഗികവുമായ ദുരുപയോഗം, വൈദ്യചികിത്സകളിലെ ഗുരുതരമായ പിഴവുകള്‍ എന്നിവയുള്‍പ്പെടെ ദുരുപയോഗങ്ങളുടെ പരമ്പര തന്നെ കണ്ടെത്തിയിരുന്നു.
'രാജ്യത്തിന് ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കാനുള്ള ബാധ്യതയുണ്ടായിരുന്നു, എന്നാലതുണ്ടായില്ല- സാമൂഹ്യകാര്യ മന്ത്രി പെര്‍ണില്‍ റോസെന്‍ക്രാന്റ്‌സ്‌തെയ്ല്‍റ്റ് പടിഞ്ഞാറന്‍ നഗരമായ ഹോര്‍സെന്‍സിലെ 50 ഓളം ഇരകളോട് പറഞ്ഞു.