ന്യൂദല്‍ഹി- ദേശീയ കറന്‍സികളില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് ഇന്ത്യയും സൗദിയും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും ഇതിനായുള്ള നിര്‍ദേശങ്ങള്‍ കൈമാറിയതായും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഔസാഫ് സഈദ് അറിയിച്ചു.
നിര്‍ദേശം ഇപ്പോള്‍ ചര്‍ച്ചാ ഘട്ടത്തില്‍ മാത്രമാണ്. നിര്‍ദേശങ്ങളും ആശയ കുറിപ്പുകളും കൈമാറ്റം ചെയ്യപ്പെട്ടു. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഇന്ത്യ സമാനമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സൗദി അധികൃതര്‍ക്ക് അറിയാം. അതിനാല്‍, സജീവ ചര്‍ച്ചകള്‍ നടക്കും- ഔസാഫ് സഈദ് പറഞ്ഞു.
സമീപകാലത്തായി അന്താരാഷ്ട്ര ഇടപാടുകളില്‍ ദേശീയ കറന്‍സിയായ ഇന്ത്യന്‍ രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കാര്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 22 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകളുമായി സഹകരിച്ച്, ദേശീയ കറന്‍സികളുടെ വ്യാപാരം സുഗമമാക്കുന്നതിന് ഭ്യന്തര ബാങ്കുകളില്‍ ഇന്ത്യ പ്രത്യേക രൂപ വോസ്‌ട്രോ അക്കൗണ്ടുകള്‍ സ്ഥാപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആഗോള വ്യാപാരത്തിന്റെ വിപുലീകരണം തുടരുന്ന ഇന്ത്യ യുഎഇയുമായി ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ് ) സംവിധാനം സ്വീകരിച്ചത് അന്താരാഷ്ട്ര വാണിജ്യത്തിന്റെ ഗതിയെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന നൂതന വ്യാപാര സമ്പ്രദായങ്ങള്‍ക്കുള്ള മാതൃകയാണ്.
18 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ പേയ്‌മെന്റുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക വോസ്‌ട്രോ റുപ്പി അക്കൗണ്ടുകള്‍ (എസ്‌വിആര്‍എ) തുറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ രാജ്യസഭയില്‍ അറിയിച്ചിരുന്നു.
ഇന്ത്യയിലെ അംഗീകൃത ഡീലര്‍ ബാങ്കുകളെ സമീപിച്ച് പങ്കാളി രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക് എസ്‌വിആര്‍എകള്‍ സ്ഥാപിക്കാമെന്ന് ബിജെപിയുടെ സുശീല്‍ കുമാര്‍ മോഡിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് പറഞ്ഞു.
ജൊഹാനസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം, ബ്രിക്‌സ് ചട്ടക്കൂടിനുള്ളില്‍ ദേശീയ കറന്‍സിയിലെ വ്യാപാര സെറ്റില്‍മെന്റുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ പോസിറ്റീവ് ആണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
ദേശീയ കറന്‍സികളിലെ വ്യാപാര സെറ്റില്‍മെന്റുകള്‍ക്ക് മുന്നോടിയായി ഇന്ത്യ ഈയിടെ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യു.എ.ഇയുമായുള്ള ദിര്‍ഹം- രൂപ വ്യാപാര സെറ്റില്‍മെന്റ് മെക്കാനിസത്തെക്കുറിച്ചും സെക്രട്ടറി ക്വാത്ര സംസാരിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യുഎഇയുമായി ദിര്‍ഹം രൂപ വ്യാപാര സെറ്റില്‍മെന്റ് സംവിധാനത്തില്‍ ഒപ്പുവെച്ചത്. ഇപ്പോള്‍, യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാരം ഏകദേശം 90 ബില്യണ്‍ ഡോളറാണെന്നും ഏറെക്കുറെ ഇത് സന്തുലിതമാണെന്നും ഇരു രാജ്യങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) കരാറില്‍ ഒപ്പുവെച്ചത്. നേരത്തെ, അതിര്‍ത്തി കടന്നുള്ള പ്രാദേശിക കറന്‍സികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെന്‍ട്രല്‍ ബാങ്കും തമ്മില്‍ ധാരണാപത്രങ്ങള്‍ കൈമാറിയിരുന്നു.