ആഗോള കുരുമുളക് വിപണിയുടെ ചുക്കാൻ നിയന്ത്രിക്കുന്ന വിയറ്റ്‌നാമിൽ രൂക്ഷമായ ചരക്ക് ക്ഷാമം. കരുതൽ ശേഖരം കുറഞ്ഞ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുകയാണ് കുരുമുളക് കയറ്റുമതി സമൂഹം. ജനുവരി, ജൂണിൽ അവർ 1,52,982 ടൺ കുരുമുളക് വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടത്തി. ഏകദേശം 2.10 ലക്ഷം ടണ്ണിന്റെ ഉൽപാദനമാണ് വർഷാരംഭത്തിൽ അവർ അവകാശപ്പെട്ടത്. ജൂലൈ, ഡിസംബറിൽ ഒരു ലക്ഷം ടൺ കുരുമുളക് ആവശ്യമുണ്ടെങ്കിലും ഇതിന്റെ പകുതി പോലും കണ്ടെത്താൻ ക്ലേശിക്കുന്ന അവസ്ഥയാണ്. അതേ സമയം വില ഉയരാതിരിക്കാൻ ഈ വർഷം കയറ്റുമതി ലക്ഷ്യം പൂർത്തിയാക്കുമെന്ന് പ്രചരിപ്പിച്ച് ഉൽപാദകരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മുളക് ശേഖരിക്കുകയാണ്.
രൂക്ഷമായ കുരുമുളക് ക്ഷാമം അവർ രഹസ്യമാക്കുന്നതിനിടയിൽ ജൂൺ മുതൽ കയറ്റുമതി താളം തെറ്റിയ അവസ്ഥയിലാണ്. ചരക്ക് ക്ഷാമം പുറത്ത് അറിഞ്ഞാൽ വിദേശ ഓർഡറുകൾ വൻ സാമ്പത്തിക നഷ്ടം വരുത്തുമെന്ന് കയറ്റുമതിക്കാർക്ക് വ്യക്തമായി അറിയാം. വിയറ്റ്‌നാം കസ്റ്റംസ് ജനറൽ വിഭാഗത്തിന്റെ കണക്കിൽ ജൂലൈയിലെ കുരുമുളക് കയറ്റുമതി ജൂണിനെ അപേക്ഷിച്ച് 28 ശതമാനം കുറഞ്ഞ് 15,257 ടണ്ണിൽ ഒതുങ്ങി. ജൂണിൽ 21,235 ടൺ കുരുമുളക് മാത്രമാണ് ഷിപ്പ്‌മെന്റ് നടത്തിയത്. അതായത് മെയ് മാസത്തെ അപേക്ഷിച്ച് 26 ശതമാനം കുറവ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ക്രിസ്മസ് ന്യൂ ഇയർ വാങ്ങലിനുള്ള നീക്കത്തിലാണ്. വിയറ്റ്‌നാമിൽ വില ഉയർന്നാൽ ആഗോള തലത്തിൽ കുരുമുളക് വില കത്തിക്കയറാം. കൊച്ചിയിൽ ഗാർബിൾഡ് മുളക് 65,500 രൂപ. ഇന്ത്യൻ മുളകിന്റെ അന്താരാഷ്ട്ര നിരക്ക് 8000 ഡോളർ.
പച്ചത്തേങ്ങ സംഭരണ നീക്കത്തെ മലബാർ മേഖല പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. നാഫെഡിന് വേണ്ടിയാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങുന്നത്. സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കാനും ഏജൻസികളെ ചുമതലപ്പെടുത്തി. ഇതോടെ മാസങ്ങളായി രംഗത്തുണ്ടായിരുന്ന കേരഫെഡ് പിൻമാറും.
കേരഫെഡ് ഇതിനകം എത്ര ടൺ സംഭരിച്ചുവെന്നത് സംബന്ധിച്ച് കണക്കുകൾ രഹസ്യമാക്കുന്നു. കേരളത്തിൽ പിന്നിട്ട എട്ട് മാസങ്ങളിലെ കൊപ്ര സംഭരണ കണക്കുകളും കൃഷി വകുപ്പ് പുറത്ത് വിടുന്നില്ല. കൊപ്ര സംഭരണത്തിലെ ഒത്ത് കളികൾ മൂലം ഉയർന്ന വില സ്വന്തമാക്കാൻ കർഷകർക്കായില്ല. താങ്ങുവില 10,860 ൽ നിലകൊള്ളുമ്പോൾ 8150 ന് ഉൽപാദകർ ചരക്ക് വിറ്റുമാറുന്നു. വെളിച്ചെണ്ണ വില 12,500 രൂപ.ഏലക്ക മികവ് കാണിച്ചു. ലേലത്തിൽ വരവ് ചുരുങ്ങുന്നതും ഉത്സവകാല ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ചരക്ക് സംഭരണവും കണക്കിലെടുത്താൽ നിരക്ക് ആകർഷകമാകാം. കയറ്റുമതി മേഖലയിൽ നിന്നുള്ള ആവശ്യക്കാരുടെ പിന്തുണയും വിപണിക്ക് ലഭ്യമാവുന്നുണ്ട്. ഏതാനും ദിവസങ്ങളായി കാർഷിക മേഖലയിലെ മഴ ഏലത്തോട്ടങ്ങൾക്ക് അനുഗ്രഹമായെങ്കിലും ഓഗസ്റ്റിലെ കനത്ത വരൾച്ച ഏലച്ചെടികളിലെ പരാഗണത്തെ ബാധിച്ചതായി ഉൽപാദകർ. വാരാവസാനം തേക്കടിയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2672 രൂപയിലും ശരാശരി ഇനങ്ങൾ 1908 രൂപയിലും കൈമാറി.പ്രതികൂല കാലാവസ്ഥയിൽ റബർ ഉൽപാദനം പല ഭാഗങ്ങളിലും തടസ്സപ്പെട്ടു. വെട്ട് നടന്ന തോട്ടങ്ങളിൽ യീൽഡ് ഉയർന്നെങ്കിലും ടയർ ലോബി ചുവട് മാറ്റി ചവിട്ടി. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 14,800 രൂപയിലാണ്. കേരളത്തിൽ സ്വർണ വില താഴ്ന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 44,120 ൽ നിന്നും 44,240 വരെ കയറിയ ശേഷം വാരാന്ത്യം 43,880 രൂപയായി കുറഞ്ഞു.