Sorry, you need to enable JavaScript to visit this website.

'യുവതിയുടെ വസ്ത്രം നീക്കി സ്വകാര്യ ഭാഗങ്ങളിൽ തൊട്ടു'; കോഴിക്കോട്ടെ ഐ.സി.യു പീഡനത്തിൽ ഡോക്ടറെ തള്ളി നഴ്‌സുമാർ 

കോഴിക്കോട് - കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.സി.യു പീഡനത്തിൽ ഇരയുടെ വാദങ്ങളെ പിന്തുണച്ചും തെളിവെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതയുടെ മൊഴികളെ തള്ളിയും ഡ്യൂട്ടി നഴ്‌സുമാർ. ചികിത്സയ്ക്കിടെയുണ്ടായ വേദനിപ്പിക്കുന്ന പീഡനത്തിന്റെ വിശദാംശങ്ങൾ അതിജീവിത ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നുവെന്നാണ് നഴ്‌സ് അനിതയുടെ മൊഴി. അറ്റൻഡറായ പ്രതി എം.എം ശശീന്ദ്രൻ അതിജീവിതയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് കണ്ടെന്ന് മറ്റൊരു ഡ്യൂട്ടി നഴ്‌സും മൊഴി നൽകിയതായി കുറ്റപത്രത്തിലുണ്ട്.
 ശാസ്ത്രീയ പരിശോധന നടത്താതെ, ഗൈനക്കോളജിസ്റ്റ് ഡോക്ടർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് പീഡിപ്പിക്കപ്പെട്ട യുവതി കഴിഞ്ഞദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അതിന് ബലം നൽകുന്ന റിപോർട്ടുകൾ പുറത്തുവരുന്നത്. അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് പോലീസിന് നൽകിയ മൊഴി തെറ്റാണെന്ന് തെളിയിക്കുന്നതാണ് കുറ്റപത്രത്തിനൊപ്പം ചേർത്ത രണ്ട് നഴ്‌സുമാരുടെയും മൊഴികൾ. 
 പീഡനത്തിന്റെ വിശദാംശങ്ങൾ അതജീവിത പറഞ്ഞില്ലെന്നായിരുന്നു ഗൈനക്കോളജിസ്റ്റായ ഡോ. പ്രീതയുടെ ആരോപണം. സ്പർശിച്ചുവെന്നു മാത്രമാണ് അതിജീവിത പറഞ്ഞതെന്നും ലൈംഗികമായി ഉപദ്രവിച്ചതായി സൂചിപ്പിച്ചിട്ടില്ലെന്നുമുള്ള ഡോ. പ്രീതയുടെ മൊഴിക്ക് നേർവിരുദ്ധമാണ് നഴ്‌സ് അനിതയുടെ മൊഴി. പീഡനത്തെ കുറിച്ച് ഇര വിശദമായി തന്നെ പറഞ്ഞിരുന്നതായി ഡ്യൂട്ടി നഴ്‌സ് അനിതയുടെ മൊഴിയിലുണ്ട്. 
 അതേപോലെ കേസിലെ പ്രതി ശശീന്ദ്രനെതിരെ കൃത്യമായ ദൃക്‌സാക്ഷി വിവരണമാണ് മറ്റൊരു ഡ്യൂട്ടി നഴ്‌സ് പ്രിയയുടെ മൊഴിയിലുള്ളത്. ശശീന്ദ്രന്റെ ഇടപെടൽ സംശയാസ്പദമാണ്. പ്രതി അതിജീവിതയുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടുന്നത് കണ്ടു. വസ്ത്രം ശരീരത്തിൽ നിന്ന് നീക്കിയതായി ശ്രദ്ധയിൽപ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോൾ കൃത്യമായി മറുപടി പറയാതെ പ്രതി സ്ഥലംവിട്ടുവെന്നും നഴ്‌സ് പോലീസിനോട് പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 പീഡനം സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്താതിരുന്നത് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരുക്കുകൾ കാണാത്തതിനാലാണെന്ന വിചിത്രവും വസ്തുതാവിരുദ്ധവുമായ മൊഴിയാണ് ഡോക്ടർ തന്റെ നിലപാടിനെ ന്യായീകരിക്കാനായി പോലീസിനോട് പറഞ്ഞത്. കേസ് അട്ടിമറിക്കാൻ ഡോക്ടർ ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. 
 ലൈംഗിക അതിക്രമം നേരിട്ടതിന് ശേഷം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ തന്റെ മൊഴി ഗൈനക്കോളജി ഡോക്ടർ തെറ്റായി രേഖപ്പെടുത്തിയെന്നും കേസിലെ ഇരയായ യുവതി പോലീസിനോട് പറഞ്ഞിരുന്നു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. എന്നാൽ, കേസിൽ നീതിക്കുവേണ്ടി നിലകൊള്ളുന്നവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും പല വഴിക്കുള്ള ഇടപെടലുകളും നടന്നതായാണ് വിവരം.

Latest News