തിരുവനന്തപുരം - മകൾ വീണയുമായി ബന്ധപ്പെട്ട ബിസ്‌നസ്സ്-മാസപ്പടി ആരോപണങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് ചട്ടം 285 പ്രകാരം മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മകൾ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേൺ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളാന്നെന്നും ന്യായീകരിച്ചു.
മാസപ്പടി എന്ന പേരിട്ടുള്ള ആരോപണങ്ങൾ അപവാദ പ്രചാരണത്തിന്റെ ആവർത്തനവും വേട്ടയാടലിന്റെ മറ്റൊരു മുഖമാണെന്നും മാസപ്പടി വിവാദത്തിൽ ഇതാദ്യമായി മറുപടി നൽകിയ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വിഷയത്തിൽ എന്തിനാണ് ബന്ധുത്വം പറയുന്നത്? ഇത് രണ്ട് കമ്പനികൾ തമ്മിലുള്ള കാര്യം മാത്രമാണ്. സി.എം.ആർ.എൽ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റിൽ ചെയ്യാൻ തയ്യാറാണെന്നും അപേക്ഷ സമർപ്പിച്ചപ്പോൾ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദ വിഷയമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സെറ്റിൽമെന്റിൽ എക്‌സാലോജിക്ക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റിൽമെന്റിന് വിധേയമായിട്ടുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.