ന്യൂദല്‍ഹി- ജി20 ഉച്ചകോടിക്ക് ന്യൂദല്‍ഹിയിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് രാഷ്ട്രഭവനില്‍ ഊഷ്മള സ്വീകരണം. രാഷ്ട്രപദി ദ്രൗപദി മുര്‍മുവും പ്രധാനന്ത്രി നരേന്ദ്രമോദിയും മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചു. രാഷ്ട്രപതിഭവനില്‍ ഇരുനേതാക്കള്‍ക്കുമൊപ്പം ഫോട്ടോസെഷനിലും പങ്കെടുത്തു.
— (@KSAMOFA) September 11, 2023
പിന്നീട് ഹൈദരാബാദ് ഹൗസില്‍ എം.ബി.എസും മോഡിയും ചര്‍ച്ച നടത്തി. വ്യാപാരം, സമ്പദ്വ്യവസ്ഥ, പ്രതിരോധം, സാംസ്‌കാരിക സഹകരണം എന്നിവയായിരുന്നു പ്രധാന ചർച്ചകൾ. ജി-20 ഉച്ചകോടിയുടെ ഭാഗമായി മൂന്നു ദിവസത്തെ ഔദ്യോഗിക പര്യടനത്തിനാണ് കിരീടാവകാശി ഇന്ത്യയിലെത്തിയത്.
2019 ൽ റിയാദിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യയോഗം കൂടിയായിരുന്നു ഇത്. യോഗത്തിൽ ഇരു നേതാക്കളും സഹ-അധ്യക്ഷത വഹിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സൗദി അറേബ്യ അതിന്റെ ഏറ്റവും അടുത്തതും വലുതുമായ തന്ത്രപരമായ പങ്കാളികളിൽ ഒന്നായി കണക്കാക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ആഗോള സമാധാനത്തിന് ഞങ്ങളുടെ ബന്ധം പ്രധാനമാണ്. ഇന്നത്തെ മീറ്റിംഗ് ഞങ്ങളുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകും, അത് മനുഷ്യരാശിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ട് മന്ത്രിതല സമിതികളായ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സഹകരണ സമിതി, സാമ്പത്തിക, നിക്ഷേപ സഹകരണ സമിതി എന്നിവയുടെ പുരോഗതി നേതാക്കൾ വിലയിരുത്തി. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സമ്പദ്വ്യവസ്ഥ, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്തു. കൂടാതെ, പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തു.